paki

ഇസ്ളാമാബാദ്: പാകിസ്ഥാനിൽ കൊവിഡിന്റെ ആദ്യഘട്ടത്തിൽ മുപ്പത് ലക്ഷം പേർക്ക് രാജ്യത്ത് തൊഴിൽനഷ്ടമുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം പാകിസ്ഥാൻ പാർലമെന്റിനെ അറിയിച്ചു. കൊവിഡാനന്തര പാകിസ്ഥാനിൽ ഭാവിയിൽ ഒരുകോടി എൺപത് ലക്ഷം ജനങ്ങൾക്ക് കൃഷി, സേവനമേഖല, വ്യവസായ മേഖല എന്നിവിടങ്ങളിൽ തൊഴിൽ നഷ്ടം സംഭവിക്കാനും സാദ്ധ്യതയുണ്ടെന്ന് സെനറ്റർ മുഷ്താക് അഹമ്മദിന്റെ ചോദ്യത്തിന് ധനകാര്യ മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു.

ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ നിരക്ക് 24.3ൽ നിന്ന് 33.5 ശതമാനമാകും. സാമ്പത്തിക കമ്മി 7.5 ശതമാനത്തിൽ നിന്നും 9.4 ശതമാനമായി ഉയരും. മഹാമാരിക്ക് മുൻപേ കയറ്റുമതി 25.5 ബില്യൺ യുഎസ് ഡോളറായിരുന്നു അത് 21 മുതൽ 22 ബില്യൺ ആയി കുറയും. പണമടയ്ക്കൽ വരുമാനം 23 ബില്യൺ ഡോളറിൽ നിന്ന് 20-21ലേക്ക് ചുരുങ്ങും. മഹാമാരിക്ക് മുൻപുള്ള കണക്കിനെക്കാൾ പാകിസ്ഥാനി രൂപയുടെയും മൂല്യമിടിഞ്ഞു. ഒരു ഡോളറിന് 154.23 രൂപ ആയിരുന്നു മാർച്ചിൽ ഇത് 166.70ലേക്ക് ഏപ്രിലിൽ താഴ്ന്ന ശേഷം 163.10 രൂപയാണിപ്പോൾ. 1240 ട്രില്യൻ രൂപയുടെ ഉത്തേജന പാക്കേജ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തി ആവശ്യങ്ങൾക്കും പൗരന്മാരുടെയും വ്യാപാര രംഗത്തിന്റെയും ആശ്വാസത്തിനും പാക്കേജ് മുൻഗണന നൽകുന്നു.