malabar-gold

 ആദ്യ ചാർട്ടേഡ് വിമാനം ഇന്നലെ കരിപ്പൂരിലിറങ്ങി

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ യു.എ.ഇയിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഏർപ്പെടുത്തിയ പ്രത്യേക വിമാനം ഇന്നലെ കരിപ്പൂരിലിറങ്ങി. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനമാണ് 25 കുട്ടികളടക്കം 171 പേരുമായി എത്തിയത്.

യു.എ.ഇയിലുള്ള കമ്പനികൾക്ക് ജീവനക്കാരെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് അയയ്ക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയിൽ നിന്ന് മലബാർ ഗോൾഡിന്റെ 500 ഓളം ടീം അംഗങ്ങളെയും കുടുംബാംഗങ്ങളെയും കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ബംഗാൾ തുടങ്ങിയ ഇടങ്ങളിൽ എത്തിക്കാനായി ആറോളം ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.

മലബാർ ഗോൾഡിന്റെ അന്താരാഷ്‌ട്ര ഓപ്പറേഷനുകളുടെ നടത്തിപ്പിനായും ബിസിനസിലെ ആഘാതം കുറയ്ക്കാനും അവ ജീവനക്കാരെയും പങ്കാളികളെയും ബാധിക്കാതിരിക്കാനും കഴിഞ്ഞമാസം കോർപ്പറേറ്റ് സസ്‌റ്റൈനബിൾ പ്ളാൻ രൂപീകരിച്ചിരുന്നു. ഇതുപ്രകാരം പെർഫോമൻസ് കുറഞ്ഞ സ്‌റ്രോറുകൾ തത്കാലം അടച്ചശേഷം ഘട്ടംഘട്ടമായി പുനരാരംഭിക്കും. സ്‌റ്റോറുകളിലെ കപ്പാസിറ്രി കുറയ്ക്കുകയും ജീവനക്കാരുടെ എണ്ണം, ശമ്പളം എന്നിവ കുറയ്ക്കാനും തീരുമാനമുണ്ട്. കമ്പനിയിലെ എല്ലാ സ്റ്രോക്ക് - ഹോൾഡർമാരെയും കണക്കിലെടുത്താണ് തീരുമാനം.

ജീവനക്കാരയും കുടുംബാംഗങ്ങളെയും സുരക്ഷിതമായി കമ്പനിയുടെ ചെലവിൽ നാട്ടിലെത്തിക്കുന്നതും പദ്ധതിയുടെ ഭാഗമായാണ്. പ്രായമായവർ, ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, കുടുംബം ഒപ്പമുള്ളവർ, ജോലി നഷ്‌ടപ്പെട്ടവർ, ദീർഘകാലത്തേക്ക് അവധി തിരഞ്ഞെടുത്തവർ എന്നിവർക്കാണ് ചാർട്ടേഡ് വിമാനങ്ങളിൽ മുൻഗണനയെന്ന് മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.പി. അബ്‌ദുൾസലാം പറഞ്ഞു. ഈ വർഷം ഇന്ത്യയിൽ 18 ഷോറൂമുകൾ തുറക്കും. ഇന്റർനാഷണൽ ഓപ്പറേഷനിൽ നിന്ന് ജോലി നഷ്‌ടപ്പെട്ടവർക്ക് പുതിയ ഷോറൂമുകളിൽ ജോലിക്ക് മുൻഗണന നൽകും.

''ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷിതമായി നാട്ടിലെത്താൻ മലബാർ ഗോൾഡ് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയത് സന്തോഷകരമാണ്. യു.എ.ഇയിൽ നിന്ന് ഇന്ത്യക്കാർക്ക് നാട്ടിലേക്ക് തിരികെപ്പോകാനുള്ള വിമാനങ്ങളുടെ എണ്ണം ക്രമേണ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കും""

വിപുൽ, കോൺസൽ ജനറൽ

ഒഫ് ഇന്ത്യ, ദുബായ്

''മലബാർ ഗോൾഡ് ടീം അഗങ്ങളെയും കുടുംബാംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം. കോൺസൽ ജനറൽ വിപുൽ, ഇന്ത്യൻ കോൺസുലേറ്റ്, വിദേശകാര്യ മന്ത്രാലയം, സംസ്ഥാന സർക്കാർ, ഷാർജ വിമാനത്താവളം, എയർ അറേബ്യ ജീവനക്കാർ എന്നിവയുടെ പിന്തുണയോടെയാണ് ഇതു സാദ്ധ്യമാക്കുന്നത്""

ഷംലാൽ അഹമ്മദ്,

മാനേജിംഗ് ഡയറക്‌ടർ,

ഇന്റർനാഷണൽ ഓപ്പറേഷൻസ്,

മലബാർ ഗോൾഡ്.