charge

ഗുവാഹത്തി: വയറുവേദന‌യെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ മൂത്രാശയത്തിൽ കണ്ടെത്തിയത് മൊബൈൽ ചാർജർ കേബിൾ. അസം സ്വദേശിയായ 30കാരനാണ് വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. രണ്ടരയടിയോളം നീളമുള്ള കേബിൾ താൻ വിഴുങ്ങിയെന്ന് യുവാവ് പറഞ്ഞെങ്കിലും പിന്നീട് മൂത്രാശയത്തിലാണ് കേബിളെന്ന് ഡോക്ടർമാർ കണ്ടെത്തി.

'കഠിനമായ വയറുവേദനയുമായാണ് യുവാവ് ആശുപത്രിയിലെത്തുന്നത്. ഹെഡ്ഫോൺ കേബിൾ അബദ്ധത്തിൽ കഴിച്ചെന്നാണ് ആദ്യം ഞങ്ങളോട് പറഞ്ഞത്. എന്നാൽ, വിവിധ പരിശോധനകൾ നടത്തിയിട്ടും കേബിൾ കണ്ടെത്താനായില്ല. പിന്നീട്, ഓപ്പറേഷൻ ടേബിളിൽ വെച്ച് യുവാവിന് എക്സ്-റേ പരിശോധന നടത്തിയപ്പോൾ മൂത്രാശയത്തിലാണ് കേബിളെന്ന് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ കേബിൾ നീക്കുകയും ചെയ്തു.'-ഗുവാഹത്തിയിലെ ശസ്ത്രക്രിയ വിദഗ്ദനായ ഡോ.വാലിയുൽ ഇസ്ലാം പറഞ്ഞു. 'യുവാവ് ഇപ്പോൾ സുഖംപ്രാപിച്ച് വരികയാണ്. കഴിഞ്ഞ 25 വർഷമായി ഞാൻ ശസ്ത്രക്രിയകൾ ചെയ്യുന്നുണ്ട്.എന്നാൽ ഇത്തരമൊരു കേസ് ഇതാദ്യമായാണ്. ലൈംഗിക സുഖത്തിനായി ജനനേന്ദ്രിയത്തിൽ കേബിളുകളും മറ്റ് സാധനങ്ങളും ഉപയോഗിക്കുന്ന ശീലം യുവാവിനുണ്ട്. കേബിൾ മൂത്രാശയത്തിലെത്തി അഞ്ച് ദിവസം കഴിഞ്ഞാണ് യുവാവ് ആശുപത്രിയിലെത്തുന്നത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.