ലണ്ടന്‍: ടെസ്റ്റ് മത്സരങ്ങൾക്കിടെ കളിക്കാർക്ക് കൊവിഡ് ബാധിച്ചാൽ പകരക്കാരെ അനുവദിക്കുന്ന കാര്യം ഐ.സി.സി പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ സ്‌പെഷ്യൽ പ്രോജക്ട്‌സ് ഡയറക്ടറായ സ്റ്റീവ് എൽവർത്തിയാണ് ഐ.സി.സി ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. തലയ്ക്ക് പരിക്കേൽക്കുമ്പോൾ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന മാതൃകയിലാകും കൊവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെയും അനുവദിക്കുക.
ടെസ്റ്റ് മത്സരത്തിനിടെ ഒാരോ ദിവസവും കളിക്കാരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ആരെങ്കിലും പോസിറ്റീവായാൽ അവർക്ക് പകരം ആളെയിറക്കാൻ അനുമതി നൽകുകയും വേണമെന്ന് ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡ് ഐ.സി.സിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
വെസ്റ്റിൻഡീസ് അടുത്ത മാസം ഇംഗ്ലണ്ടിൽ ടെസ്റ്റ് പര്യടനത്തിന് എത്തുന്നുണ്ട്.ഇൗ പരമ്പരയിൽ കൊവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുമെന്നാണ് ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ. ജൂലായ് എട്ടു മുതലാണ് പരമ്പര. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 14 അംഗ ടീമിനൊപ്പം 11 റിസർവ് താരങ്ങളെയും വിൻഡീസ് ഇംഗ്ലണ്ടിലെത്തിക്കുന്നത് കൊവിഡ് സാഹചര്യം പരിഗണിച്ചാണ്. . ഇവർ മൂന്നാഴ്ച ക്വാറന്റൈനിന് വിധേയരായ ശേഷമേ പരിശീലനം തുടങ്ങൂ.