ലണ്ടൻ : ഒരു വർഷം 100 കോടി ഡോളർ (ഏകദേശം 7600 കോടിയിലേറെ രൂപ) വരുമാനം നേടുന്ന ആദ്യ ഫുട്ബാൾ താരമെന്ന ചരിത്രം സൃഷ്ടിച്ച് ഇറ്റാലിയൻ ക്ളബ് യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സിന്റെ റിപ്പോർട്ട് അനുസരിച്ച് പോയ വർഷം 105 ദശലക്ഷം ഡോളറാണ് (ഏകദേശം 8,000 കോടിയോളം രൂപ) റൊണാൾഡോയുടെ വരുമാനം. വരുമാനത്തിന്റെ കാര്യത്തിൽ ഫോബ്‌സ് 2020 പട്ടികയിൽ നാലാം സ്ഥാനത്താണ് താരം.ക്ലബിന്റെ പ്രതിഫലത്തിനൊപ്പം പരസ്യ വരുമാനവും ബ്രാൻഡ് വരുമാനവുമാണ് റോണോയ്ക്ക് കരുത്താകുന്നത്. കോവിഡ്-19 പ്രതിസന്ധികളെ തുടർന്ന് യുവന്റസ് നാലു ദശലക്ഷം യൂറോ (ഏകദേശം 32 കോടിയിലേറെ രൂപ) ശമ്പളത്തിൽ വെട്ടിക്കുറച്ചതൊന്നും സൂപ്പർതാരത്തിന്റെ വരുമാനത്തെ ബാധിച്ചിട്ടില്ല.
ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സിനും ബോക്‌സർ ഫ്‌ളോയ്ഡ് മെയ്‌വെതറിനും ശേഷം ഇത്രയും വരുമാനം സ്വന്തമാക്കുന്ന ആദ്യ കായിക താരമാണ് ക്രിസ്റ്റ്യാനോ.
2009-ലാണ് ടൈഗർ വുഡ്സ് ഈ നേട്ടം സ്വന്തമാക്കിയത്. മെയ്‌വെതർ 2017-ലും.
: ലോക്ക്ഡൗണിൽ ഇൻസ്റ്റഗ്രാമിൽ നിന്ന് 18 കോടി
ലണ്ടൻ : ലോക്ക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ മാത്രം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത് 18 കോടിയോളം രൂപ. ‘അറ്റയ്ൻ’ എന്ന ഓൺലൈൻ സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മാർച്ച് 12 മുതൽ മേയ് 14 വരെയുള്ള കാലഘട്ടത്തിൽ ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ വരുമാനം നേടിയ കായിക താരമാണ് ക്രിസ്റ്റ്യാനോ . ലയണൽ മെസ്സിയാണ് രണ്ടാമത്. 12.5 കോടി രൂപയോളംരൂപയാണ് മെസിക്ക് ലഭിച്ചത്. ബ്രസീൽ സൂപ്പർതാരം നെയ്മർ 11.35 കോടിയോളം രൂപയുമായി മൂന്നാമതുണ്ട്. പട്ടികയിലെ ആദ്യ പത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ഇടംപിടിച്ചു. 3.96 കോടിയോളം രൂപയാണ് ഇൻസ്റ്റഗ്രാമിൽ നിന്ന് കൊഹ്‌ലി വാരിയത്. ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ സമ്പാദ്യം നേടിയ ആദ്യ ആറ് പേർ : 1) ക്രിസ്റ്റ്യാനോ റൊണാൾഡോ - 18 കോടി രൂപ ഫോളോവേഴ്സ്: 219,000,000 2) ലയണൽ മെസ്സി - 12.5 ഫോളോവേഴ്സ്: 151,000,000 3) നെയ്മർ - 11.35 ഫോളോവേഴ്സ്: 138,000,000 4) ഷാക്വിൽ ഒനീൽ -5.83 ഫോളോവേഴ്സ്: 17,000,000 5) ഡേവിഡ് ബെക്കാം - 4.23 ഫോളോവേഴ്സ്: 62,900,000 6) വിരാട് കൊഹ‌്ലി - 3.96 ഫോളോവേഴ്സ്: 59,000,000