തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നക്കത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ രോഗത്തിന്റെ അവസ്ഥ രൂക്ഷമാകുന്നു എന്നാണു ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ ഒന്നാം തീയതി മുതൽക്കുള്ള സംസ്ഥാനത്തെ രോഗബാധിതരുടെ വർദ്ധനയെക്കുറിച്ച് സൂചിപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്.
രോഗം ബാധിച്ചവരിൽ 50 പേർ വിദേശത്ത് നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം വന്നിട്ടുണ്ട്. രോഗബാധിതരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചത് പാലക്കാടാണ്. 40 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയത്.
മലപ്പുറത്ത് 18 പേർക്കും പത്തനംതിട്ടയിൽ 11 പേർക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം 10, തൃശൂർ എട്ട്, തിരുവനന്തപുരം, ആലപ്പുഴ അഞ്ച് വീതം, കോഴിക്കോട് നാല്, ഇടുക്കി,വയനാട് മൂന്ന് വീതം, കൊല്ലം രണ്ട്, കോട്ടയം, കാസർകോട് ഒന്ന് വീതം, എന്നിങ്ങനെയാണ് ഇന്നത്തെ രോഗബാധിതരുടെ എണ്ണം. അതേസമയം സംസ്ഥാനത്ത് ഇന്ന് 22 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്.
രോഗബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റദിവസത്തെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി ഉയർന്നിട്ടുണ്ട്. രോഗബാധയുടെ രൂക്ഷത പരിഗണിച്ച് ജനങ്ങൾക്ക് കൂടുതൽ മുൻകരുതലും ശ്രദ്ധയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കും. ആഴ്ചയിൽ 15,000 ടെസ്റ്റുകൾ വരെ നടത്തും. സംസ്ഥാനം നേരിടുന്നത് അസാധാരണ വെല്ലുവിളിയാണ്, രോഗബാധിതരുടെ എണ്ണം ഇനിയും കൂടും. പത്ത് വയസിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങാൻ പാടില്ല. 65 വയസിന് മുകളിൽ പ്രായമുള്ളവർ വീട്ടിൽ തന്നെ തുടരണം. പുറത്തിറങ്ങിയാൽ ആറടി അകലം പാലിക്കണം. മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പരിശോധന വർദ്ധിപ്പിക്കും. തീവ്രബാധിത മേഖലകളിൽ നിന്നുള്ളവരെ അതിവേഗം പരിശോധിക്കും. ഇളവുകൾ അനുവദിക്കും. കേന്ദ്രം സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കും. ആദ്യഘട്ടത്തിൽ ഉണ്ടായ ജാഗ്രത കുറയുന്നുണ്ടോ എന്ന് പരിശോധിക്കണം. സംസ്ഥാനത്തേക്ക് വരുന്നവരെ സുരക്ഷിതമായി സ്വാഗതം ചെയ്യണം. ഇളവുകൾ ഒരു കാരണവശാലും രോഗം പടരാനുള്ള സാദ്ധ്യതയാകരുത്. മുഖ്യമന്ത്രി പറഞ്ഞു.
എന്ത് ഇളവുകൾ ഉണ്ടായാലും മുൻകരുതലും ശ്രദ്ധയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 177106 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേർ നിരീക്ഷണത്തിൽ ആശുപത്രികളിൽ. ഇന്ന് മാത്രം 247 പേർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 790074 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
74769 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 19650 സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. 18049 എണ്ണം നെഗറ്റീവായതായി കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 14045 സാംപിളുകൾ ആകെ പരിശോധിച്ചു. ഹോട്സ്പോട്ടുകൾ 128 ആയി. വയനാട് 3, കണ്ണൂർ1, കോഴിക്കോട് 1 എന്നിങ്ങനെയാണ് പുതിയ ഹോട്സ്പോട്ടുകൾ.