തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചക്കളത്തിപ്പോരാട്ടം നടത്തി ഇല്ലാതാക്കിയ ശിവിഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പുനരാരംഭിക്കാൻ ഇരുസർക്കാരുകളും നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറയുന്നു.
2019 ഫെബ്രുവരി പത്തിന് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനോദ്ഘാടനം കഴിഞ്ഞ പദ്ധതിയാണ് ഒന്നര വർഷമായപ്പോൾ കേന്ദ്രസർക്കാർ റദ്ദാക്കിയത്. കേരളവും ശ്രീനാരായണഗുരു ഭക്തരും ഏറെ വിഷമത്തോടെയാണ് ഈ തീരുമാനം കേട്ടത്. അതേസമയം സംസ്ഥാന സർക്കാർ വഴി പദ്ധതി നടപ്പാക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
കേരളത്തിന്റെ ആധ്യാത്മിക ഗുരുവായി കരുതപ്പെടുന്ന ശ്രീനാരായണ ഗുരുദേവന്റെയും ആധ്യാത്മിക ഗോപുരമായി അറിയപ്പെടുന്ന ശിവഗിരിയുടെയും പ്രാധാന്യം തെല്ലും തിരിച്ചറിയാതെയാണ് പദ്ധതിയെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇല്ലാതാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.