ഉത്തപ്പയുടെ ക്യാച്ച് കൈവിടൽ പരാമർശത്തിന് ശ്രീശാന്തിന്റെ മറുപടി
തിരുവനന്തപുരം : അടുത്ത സീസൺ രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഒരുമിച്ച് കളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുൻ ഇന്ത്യൻ താരങ്ങളായ ശ്രീശാന്തും റോബിൻ ഉത്തപ്പയും തമ്മിൽ ഒാൺലൈൻ വാക്പോര്.
2007 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ശ്രീശാന്തെടുത്ത ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പങ്കുവച്ച കമന്റാണ് പ്രശ്നത്തിന് തുടക്കമിട്ടത്. സ്ഥിരമായി ക്യാച്ച് കൈവിടുന്നയാൾ എന്നായിരുന്നു അന്ന് ശ്രീശാന്തിനെ കുറിച്ച് ടീമിനുള്ളിലെ സംസാരമെന്നും അതുകൊണ്ട് ഫൈനലിലെ ആ ക്യാച്ച് എടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തപ്പ പറഞ്ഞിരുന്നു. ഹലോ ആപ്പിലെ ലൈവ് സെഷനിൽ ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ശ്രീശാന്ത്.
ഉത്തപ്പയുടെ കരിയറിൽതന്നെ കുറച്ചു ക്യാച്ചുകളേ എടുത്തിട്ടുണ്ടാകൂവെന്ന് ശ്രീശാന്ത് പരിഹസിച്ചു. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കുമ്പോൾ ഉത്തപ്പ അനായാസ ക്യാച്ചുകൾ പോലും പാഴാക്കിയെന്ന പരാതിയും ശ്രീ ഒാർമ്മിപ്പിച്ചു. 'കേരള ടീമിനൊപ്പം അധികം വൈകാതെ കളിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ ബൗളിംഗിൽ ക്യാച്ച് കൈവിടരുത് എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. കഴിഞ്ഞ സീസണിൽ അനായാസ ക്യാച്ചുകൾ കൈവിട്ടപ്പോൾ ജൂനിയർ താരങ്ങൾ ഒന്നും പറഞ്ഞിട്ടുണ്ടാകില്ല. എന്നാൽ എന്റെ ബൗളിംഗിലെങ്ങാനും ക്യാച്ച് കൈവിട്ടാലുള്ള അവസ്ഥ അതാകില്ല.' ശ്രീശാന്ത് മുന്നറിയിപ്പ് നൽകി.
'എട്ടു വർഷത്തോളം നീണ്ട എന്റെ രാജ്യാന്തര കരിയറിൽ ആകെ നാലോ അഞ്ചോ ക്യാച്ചുകളാണ് ഞാൻ കൈവിട്ടത്. പ്രൊഫഷണൽ കരിയർ മുഴുവനെടുത്താലും 10-15 ക്യാച്ചുകൾ നഷ്ടമാക്കിയിട്ടുണ്ടാകും.' ശ്രീശാന്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസൺ മുതലാണ് പാതിമലയാളിയായ ഉത്തപ്പ കേരളത്തിനായി കളിച്ചുതുടങ്ങിയത്. സ്പോട്ട് ഫിക്സിംഗ് വിലക്ക് കാലാവധി വെട്ടിക്കുറയ്ക്കപ്പെട്ടതിനാൽ ശ്രീശാന്തിന് വരുന്ന സീസൺ മുതൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനാകും.