ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗറി ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവയ്പിൽ ജവാന് വീരമൃത്യു. വ്യാഴാഴ്ച രാത്രി സുന്ദർബനി സെക്ടറിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് ജവാൻ കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയിലെ ഫ്രണ്ട് സെക്ടറിലും വ്യാഴാഴ്ച പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സേന വെടിവച്ചതെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വക്താവ് വ്യക്തമാക്കി.
രജൗറി ജില്ലയിലെ കലക്കോട്ട് മേഖലയിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഈ മേഖലയിൽ സൈന്യം തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.