covid-test-

തിരുവനന്തപുരം: സംസ്ഥാനത്ത് 111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടുകൂടി ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമായി ആരംഭിക്കാൻ പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റ് നടത്താനാണ് ശ്രമം. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാൽ പി.സി.ആർ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.സി.എം.ആർ വഴി 14,000 കിറ്റുകൾ ലഭിച്ചു. അതിൽ 10,000കിറ്റുകൾ വിവിധ ജില്ലകൾക്ക് നൽകി. 40,000 കിറ്റുകൾ കൂടി മൂന്നുദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി രൂക്ഷമാകുന്നു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്.

22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേർക്കാണ് കൊവിഡ്. പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.