തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇന്നലെ തരംഗമായത് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ പങ്കുവച്ച തന്റെ പറക്കും ചിത്രം. കടൽത്തീരത്ത് സൂപ്പർമാനെപ്പോലെ അന്തരീക്ഷത്തിൽ പറന്നു നിൽക്കുന്ന ചിത്രം " അടുത്ത സ്റ്റോപ്പ് ലങ്ക " എന്ന അടിക്കുറിപ്പോടെയാണ് സഞ്ജു ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പോസ്റ്റ് ചെയ്തത്.
ചിത്രത്തിലെ സഞ്ജുവിന്റെ പോസ് സോഷ്യൽമീഡിയിൽ തരംഗമായി. സഹതാരങ്ങളും ഐ.പി.എൽ ക്ളബ് രാജസ്ഥാൻ റോയൽസുമൊക്കെ പോസ്റ്റ് ഷെയർ ചെയ്യുകയുമുണ്ടായി. രസകരമായ കമന്റുകളുമായി ആരാധകരും 'സൂപ്പർമാൻ' സഞ്ജുവിനെ വൈറലാക്കി. ആ ചിത്രത്തിന് പിന്നിലുള്ള കഥപറയുകയാണ് സഞ്ജുവിന്റെ പരിശീലകൻ ബിജു ജോർജ്.
ലോക്ക്ഡൗൺ കാലത്തെ നഗരത്തിലെ ഫ്ളാറ്റിനുള്ളിലായിരുന്നു സഞ്ജുവിന്റെ പരിശീലനം.അന്താരാഷ്ട്ര താരങ്ങൾക്ക് ഗ്രൗണ്ടിൽ പരിശീലനം നടത്താൻ സർക്കാർ അനുമതിയായതോടെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലുള്ള സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ബിജു ജോർജിന്റെ കളരിയിൽ പരിശീലനത്തിനിറങ്ങി. അപ്പോൾ വരുന്നു കാലവർഷത്തിന്റെ രൂപത്തിൽ അടുത്ത പാര.എന്നാൽ പരിശീലനം കടപ്പുറത്തായാലോ എന്നായി ആലോചന. വിഴിഞ്ഞത്തെ സഞ്ജുവിന്റെ വീട്ടിന് സമീപം മണൽപ്പുറത്ത് പലവട്ടം കൂട്ടുകാർക്കൊപ്പം പരിശീലനത്തിന് ഇറങ്ങിയ ഒാർമ്മകളും ആവേശം പകർന്നു.
ഇത്തവണ ബീച്ച് സെഷന് തിരഞ്ഞെടുത്തത് തുമ്പ സെന്റ് സേവ്യേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുള്ള വെട്ടുതുറ ബീച്ചാണ്. മണൽപ്പരപ്പിലെ ഒാട്ടവും ചാട്ടവുമൊക്കെയായി ഫിസിക്കൽ ട്രെയിനിംഗ് സെഷനാണ് പ്രധാനമായും നടന്നത്. മുൻ സംസ്ഥാന താരവും ഫിസിക്കൽ ട്രെയിനിംഗിൽ സ്പെഷ്യലൈസ് ചെയ്യുന്നയാളുമായ ഇഖ്ലാസ് നഹയാണ് മാർഗനിർദ്ദേശങ്ങളുമായി മുന്നിൽ നിന്നത്. ഇഖ്ലാസ് പരിചയപ്പടുത്തിയ സൂപ്പർമാൻ പോസ് പരീക്ഷിക്കുകയായിരുന്നു സഞ്ജു. രഞ്ജി ട്രോഫിയിലെ സഹതാരം അക്ഷയ് ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഫിസിക്കൽ ട്രെയ്നിംഗ് സെഷനൊപ്പം ടെന്നിസ് ബാളിലെ ഫീൽഡിംഗ് സെഷനും നടത്തിയ ശേഷമാണ് ഇവർ വെട്ടുതുറയിൽ നിന്ന് മടങ്ങിയത്.