ന്യൂഡൽഹി: രോഹിത് ശർമയ്‌ക്കൊപ്പമുള്ള ലൈവ് ചാറ്റിനിടെ യുസ്‌വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ്. ട്വിറ്ററിലാണ് യുവി ഖേദപ്രകടനം പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസൻ യുവിക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു.
'ജാതിയുടെയോ നിറത്തിന്റെയോ വർഗത്തിന്റെയോ ലിംഗത്തിന്റെയോ പേരിലുള്ള ഒരു വേർതിരിവുകളിലും ഞാൻ വിശ്വസിക്കുന്നില്ല എന്ന കാര്യത്തിൽ വ്യക്തതവരുത്താനാണ് ഇത്. ജനങ്ങളുടെ ക്ഷേമത്തിനായി ഞാൻ എന്റെ ജീവിതം സമർപ്പിച്ചിരിക്കുകയാണ്. അത് ഇനിയും തുടരും. സുഹൃത്തുകളുമൊത്തുള്ള സംസാരത്തിനിടെ നടത്തിയ ചില പരാമർശങ്ങൾ ആവശ്യമില്ലാത്തതായിരുന്നുവെന്ന കാര്യം ഞാൻ മനസിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യന്‍ പൗരനെന്ന നിലയിൽ അറിയാതെയെങ്കിലും ഞാൻ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലുമോ അവരുടെ വികാരങ്ങളെയോ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തോടും ജനങ്ങളോടുമുള്ള എന്റെ സ്‌നേഹം അനന്തമാണ്', യുവി കുറിച്ചു.
രോഹിതുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ ചഹലിന്റെ ടിക്ക്‌ടോക്ക് വീഡിയോകളെ കുറിച്ച് സംസാരിക്കവെയാണ് താഴ്ന്ന ജാതിക്കാരെ പരിഹസിക്കുന്ന വാക്ക് ചഹലിനെ വിശേഷിപ്പിക്കാൻ യുവ്‌രാജ് ഉപയോഗിച്ചത്.