തിരുവനന്തപുരം: സമൂഹവ്യാപനത്തിന്റേതായ ആപത്തിന്റെ വക്കിൽ നാം നിൽക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സ്ഥിതിയെ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സമൂഹവ്യാപനം എന്നതും സമ്പർക്കത്തിലൂടെ രോഗം വരുന്നതും വേറെവേറെ കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു തരത്തിലും രോഗം വന്നത് എങ്ങനെയാണെന്ന് മനസിലാകാതിരിക്കുമ്പോഴാണ് അത് സമൂഹവ്യാപനമായി കണക്കാക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്തരമൊരു അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിട്ടില്ലെന്നും ചില കേസുകൾ അങ്ങനെ ഉണ്ടെങ്കിലും അത് സമൂഹവ്യാപനമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ദരെല്ലാം പറയുന്നത് ഒരു ഘട്ടത്തിൽ സമൂഹവ്യാപനം ഉണ്ടായേക്കാം എന്നാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. നമ്മൾ അത് തടയാൻ വേണ്ടിയാണ് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും നാടാകെ ഒരേപോലെ ജാഗ്രത പാലിച്ചാൽ മാത്രമേ അത് നമുക്ക് തടയാനായി സാധിക്കുകയുള്ളൂ. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 111 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നക്കത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ രോഗത്തിന്റെ അവസ്ഥ രൂക്ഷമാകുന്നു എന്നാണു ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ ഒന്നാം തീയതി മുതൽക്കുള്ള സംസ്ഥാനത്തെ രോഗബാധിതരുടെ വർദ്ധനയെക്കുറിച്ച് സൂചിപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്.