george

ജോധ്‌പൂർ: അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ ലോകത്തെമ്പാടും പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ ഇന്ത്യയിലും സമാന സംഭവം. മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ചാണ് രാജസ്ഥാനിലെ ജോധ്പൂരിൽ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി പൊലീസുകാരൻ മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ബൽദേവ് നഗർ സ്വദേശിയായ മുകേഷ് കുമാർ പ്രജാപതിനെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് മുകേഷിന് ജോധ്പൂർ പൊലീസ് പിഴ ചുമത്തി ചലാൻ നൽകി.

ഇതുചോദ്യം ചെയ്തതിന് രണ്ട് പൊലീസുകാർ മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തിൽ കാൽമുട്ട് അമർത്തി തല്ലിച്ചതച്ചു.

പൊലീസ് നടപടി മൊബൈലിൽ പകർത്തിയതാണ് അവരെ ചൊടിപ്പിച്ചതെന്ന് മുകേഷ് കുമാർ പറയുന്നു. ഫോൺ കൈക്കലാക്കാൻ പൊലീസുകാർ ശ്രമിച്ചതോടെ യുവാവ് നിലത്തുവീണു. ഇതിനിടെയാണ് പൊലീസുകാരിലൊരാൾ മുകേഷിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ജോധ്‌പൂർ ഡി.സി.പി രംഗത്തെത്തി.

എന്തുകൊണ്ടാണ് മാസ്ക് ധരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ പ്രകോപിതനായ മുകേഷ് പൊലീസുകാർക്ക് നേരെ കയർക്കുകയായിരുന്നെന്നും സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊലീസിനെ മർദ്ദിച്ചെന്നും ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തുവെന്നുമാണ് ഡി.സി.പി പറഞ്ഞത്.

ലോക്ക്ഡൗൺ ലംഘിച്ചെന്ന പേരിൽ കഴിഞ്ഞ മാസം മദ്ധ്യപ്രദേശിലെ ചന്ദ്വാരയിൽ യുവാവിനെ പൊലീസ് വളഞ്ഞിട്ട് തല്ലിയ സംഭവവും വിവാദമായിരുന്നു.