sabarimala-

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കാനുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചതിനെത്തുടർന്ന് ശബരിമല ദർശനവും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശബരിമല ദർശനം വെർച്വൽ ക്യൂ വഴി നിയന്ത്രിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഒരുസമയം അമ്പതിലധികം പേർ ദർശനത്തിന് എത്താൻ പാടില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തെർമ്മൽ സ്കാനറുകൾ സ്ഥാപിക്കും. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് ഭക്തർ പ്രത്യേക സ്ഥലത്ത് നെയ്യ് കൈമാറുന്ന രീതി അവലംബിക്കും.

ദേവസ്വം ജീവനക്കാർക്കും ഇനി മുതൽ മാസ്ക്കും കൈയ്യുറയും നിർബന്ധമാണ്. കേന്ദ്ര നിർദ്ദേശം അനുസരിച്ച് 10 വയസിൽ താഴെയുള്ള കുട്ടികളെയും 65 വയസിൽ കൂടുതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ സംവിധാനം വഴി അനുമതി ലഭിക്കുന്നവർ മാത്രമേ ശബരിമലയിൽ എത്താവൂ.

അതിലൂടെ കാര്യങ്ങൾ പരിശോധിച്ച് തീർച്ചപ്പെടുത്താനാകും. ഈ സമയത്ത് ശബരിമലയിലേക്ക് അധികം ഇതരസംസ്ഥാനക്കാര്‍ വരുന്ന സമയമല്ല. ശബരിമല ദർശനത്തിനായി ഇതരസംസ്ഥാനക്കാർ വരേണ്ടെന്ന് സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.