കൊച്ചി: ക്വാറന്റീൻ അവസാനിച്ച് മടങ്ങിയെത്തിയ നടൻ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് ഭാര്യ സുപ്രിയ മേനോൻ പൃഥ്വിരാജ്. ഇരുവരോടുമൊപ്പം മകൾ അല്ലിയെയും(അലംകൃത മേനോൻ പൃഥ്വിരാജ്) ചിത്രത്തിൽ കാണാം. 'റീയുണൈറ്റഡ്'(വീണ്ടും ഒത്തുചേർന്നു) എന്ന അടിക്കുറിപ്പും സുപ്രിയ ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
ആടുജീവിതം എന്ന ബ്ലെസി സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയ പൃഥ്വിരാജും സംഘവും കൊവിഡിന്റെ സാഹചര്യത്തിൽ അവിടെ കുടുങ്ങിപ്പോയിരുന്നു. മാസങ്ങൾ കഴിഞ്ഞാണ് സിനിമ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായി സാധിച്ചത്. മേയ് 22ന് നാട്ടിലേക്കെത്തിയ സംഘം ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു പിന്നീട്.
ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് പിന്നീട് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഇതിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലവും കഴിഞ്ഞദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്റീൻ പൂർത്തിയാക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേർന്നത്.