cm-pinarayi-

ന്യൂഡൽഹി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികച്ച മാതൃക മുൻനിറുത്തി രാഹുൽ ഗാന്ധിയും ശശി തരൂരും അടക്കമുള്ള കോൺഗ്രസിന്റെ മുൻനിര നേതാക്കൾ കേരള സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയുടെ ട്വീറ്റാണ് ദേശീയശ്രദ്ധ നേടുന്നത്.

ട്വിറ്ററിലൂടെയാണ് സിംഗ്‌വി പിണറായി വിജയനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇങ്ങനെയായിരിക്കണം ഒരു നേതാവ്, സജീവത, കണിശത, വസ്തുതകൾ മുൻനിറുത്തിയുള്ള പ്രതികരണം. മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാൻ ഭീതിയില്ലായ്മ എന്നിവയാണ് പിണറായിയുടെ പ്രത്യേകതയെന്ന് മനു അഭിഷേക് സിംഗ്‌വി ട്വീറ്റിൽ വ്യക്തമാക്കി.

This is how a leader should be. Active, prompt, response with facts & not afraid of facing the Media. https://t.co/0u7V3ujPfA

— Abhishek Singhvi (@DrAMSinghvi) June 5, 2020

പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്ത വിശദീകരണക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സിംഗ്‌വിയുടെ വാക്കുകൾ. സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്നും നീതി നടപ്പാകുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരടക്കം ബി.ജെ.പി നേതാക്കൾകേരളത്തിനെതിരെയും മലപ്പുറം ജില്ലയ്ക്ക് എതിരെയും നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും പ്രതികരിച്ചിരുന്നു.