കൊച്ചി: കഠിനംകുളം കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനിനെതിരെ നിലപാടെടുത്ത് അഭിഭാഷക രശ്മി രാമചന്ദ്രൻ. സ്ത്രീയുടെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറയുന്നത് ഖാപ്പ് പഞ്ചായത്തുകളുടെ രീതിയാണെന്നും അത് ജന്മിത്വ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിന്താഗതിയാണെന്നുമാണ് രശ്മി രാമചന്ദ്രൻ പ്രതികരിച്ചത്.
കഠിനംകുളം കേസിന്റെ പശ്ചാത്തലത്തിൽ തന്റെ പാര്‍ട്ടി, കോടതിയും പോലീസ് സ്‌റ്റേഷനുമാണെന്ന് ജോസഫൈന്‍ നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അഭിഭാഷക. എത്രത്തോളം പാർട്ടി സ്നേഹം കൊണ്ടാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആ പരാമർശം നടത്തിയതെങ്കിലും അത് പാർട്ടിക്കും സംസ്ഥാന സർക്കാരിനും ദോഷം മാത്രമേ ചെയ്യുകയുളളൂ എന്നവർ പറഞ്ഞു.
എന്നാൽ ഇത് സി.പി.എമ്മിന്റെ മാത്രം പ്രശ്‌നമല്ലെന്നും 'കഴിഞ്ഞ സോളാർ കാലത്ത് വനിതാ കമ്മീഷൻ കൃത്യമായി നടപടി എടുത്തിരുന്നുവെങ്കിൽ കേരളത്തിലെ പല പാർട്ടി ഓഫീസുകളിലും ഫോൺ അറ്റൻഡ് ചെയ്യാനുള്ള പാർട്ടി പ്രവർത്തകർ പോലും മിച്ചമുണ്ടാകുമായിരുന്നില്ല' എന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.
ഉത്തർ പ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച എം.എൽ.എയെഎത്രത്തോളം മുറവിളിക്ക് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും ഗുജറാത്തിൽ ഒരു പെൺകുട്ടിയെ അവളറിയാതെ പിന്തുടർന്ന വിഷയത്തിൽ 'ഇന്ത്യയിൽ ഇന്ന് പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു വലിയ നേതാവിനെതിരെ' യാതൊരു നടപടിയും ഉണ്ടായില്ലെന്നും രശ്മി രാമചന്ദ്രൻ പറഞ്ഞു.
ഈ വിഷയങ്ങളിൽ അവിടത്തെ വനിതാ കമ്മീഷനുകൾ ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു. തന്റെ പാര്‍ട്ടി, കോടതിയും പോലീസ് സ്‌റ്റേഷനുമാണെന്ന് ജോസഫൈന്‍ വിവാദ പരാമർശം നടത്തിയിരുന്നു. പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞു.