ഒരുപാട് മസാജിംഗ് കേന്ദ്രങ്ങളുളള നാടാണ് തായ്‌വാൻ. വ്യത്യസ്ത രീതിയിലുള്ള പലതരം മസാജുകളും ഉണ്ട്. അതിലൊന്നാണ് ‘ഇറച്ചിക്കത്തി മസാജ്’. കേൾക്കുമ്പോൾ അൽപ്പം പേടി തോന്നും. കോഴിയേയും പോത്തിനേയും ഒക്കെ വെട്ടാൻ മാത്രം ഉപയോഗിക്കുന്ന ഇറച്ചിക്കത്തി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശരീരം മസാജ് ചെയ്യും? കത്തി മസാജ് തെറാപ്പിസ്റ്റുകൾ പറയുന്നത് ഈ ‘കത്തി തെറാപ്പി’ക്ക് ശാരീരികവും വൈകാരികവുമായ രോഗശാന്തി പ്രദാനം ചെയ്യാൻ കഴിയുമെന്നാണ്. 2,000 വർഷത്തിലേറെ പഴക്കമുള്ള അക്യുപങ്‌ച്വർ പോലുള്ള ഒരു ചൈനീസ് ചികിത്സാരീതിയാണ് ഇത്. ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും വേദന കുറക്കുന്നതിനും തെറാപ്പിസ്റ്റുകൾ കത്തി മസാജ് ചെയ്യുന്നു. കത്തികൾ ശരീരത്തിലെ ചില ഭാഗങ്ങളിൽ ശക്തിയായി അടിക്കുന്നു. അവയിൽ സമ്മർദ്ദം ചെലുത്തി ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറക്കുന്നു. അത് കൂടാതെ സ്റ്റീൽ കത്തികൾക്ക് രോഗം ശമിപ്പിക്കാൻ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നും പരിശീലകർ വിശ്വസിക്കുന്നു.
എന്നാൽ, ഇത് ചെയ്യുന്ന തെറാപ്പിസ്റ്റുകൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, അവർ മോശം മാനസികാവസ്ഥയിലാണെങ്കിൽ, കത്തിയെടുക്കാൻ പാടില്ല. കാരണം അവരുടെ നെഗറ്റീവ് എനർജി ഈ മസാജിങ്ങിലൂടെ വരുന്നവരിലേയ്ക്ക് പകരുമെന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മോശം മൂഡിലായിരിക്കുമ്പോൾ അവർ മസാജ് ചെയ്യാറില്ല. കൂടാതെ, എല്ലാ പരിശീലകരും അവരുടെ പോസിറ്റീവ് എനർജി നിലനിറുത്താൻ, സസ്യാഹാരം മാത്രമേ കഴിക്കൂ. എല്ലാ ദിവസവും രാവിലെ 05:00 -ന് മുൻപ് ഉണരുന്ന അവർ, പുലർച്ചെ ശാരീരിക വ്യായാമങ്ങളിൽ മുഴുകുന്നു. കൂടാതെ ദിവസവും 30 മിനിറ്റ് കത്തി ഉപയോഗിച്ച് ഒരു തലയിണയിൽ അവർ മസാജ് പരിശീലിക്കുന്നു.
തെറാപ്പിസ്റ്റുകൾ മാത്രമല്ല, അവിടെ വരുന്നവരും മസാജിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്യണം. 10 മിനിറ്റ് സ്ക്വാറ്റുകൾ ചെയ്യിച്ചും, രണ്ട് മരം കൊണ്ടുള്ള സ്റ്റിക്കുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യിച്ചും അവരുടെ ഊർജ്ജം മെച്ചപ്പെടുത്താൻ തെറാപ്പിസ്റ്റുകൾ ശ്രമിക്കുന്നു. കോസ്‍മിക് സ്റ്റിക്കുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കൂടാതെ കത്തി മസാജ് നിങ്ങളുടെ ദുഷ്‍കർമ്മങ്ങളെ എടുത്തുകളയുമെന്നും അവർ വിശ്വസിക്കുന്നു. വർഷങ്ങളുടെ പരിശീലനം ആവശ്യമാണ് ഈ മസാജിന്, അല്ലാത്തപക്ഷം കത്തികൾ അപകടകരമായേക്കാം.