കൊല്ലം: ഇടത്തോടുകളിലൂടെ ഉപ്പുവെള്ളത്തിന്റെ കയറ്റവും മഴയായാൽ വെള്ളം ഇറങ്ങിപോകാത്തതും കാരണം ചവറ പഞ്ചായത്തിലെ കർഷകർ വലയുന്നു. കൃഷി ആവശ്യത്തിനായി നിർമിച്ച ഇടത്തോടുകളും ചീപ്പുകളുമാണ് കർഷകരെ വലയ്ക്കുന്നത്. വർഷങ്ങൾക്കു മുൻപ് നിർമിച്ച ഇടത്തോടുകളും ചീപ്പുകളും ടി.എസ്.കനാലുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ ഇടത്തോടുകൾ വഴിയാണ് ഉപ്പുവെള്ളം ഇരച്ചു കയറുന്നത്.
വർഷത്തിൽ രണ്ടു നെൽകൃഷിയും എള്ള് കൃഷിയും നടത്തിയിരുന്ന സ്ഥലങ്ങളാണിവ. ഇടനില കൃഷിയായി ചേന,ചേമ്പ്,കാച്ചിൽ, വാഴ മുതലായവയും കൃഷി ചെയ്യുമായിരുന്നു. എന്നാൽ വർഷങ്ങളായി ചീപ്പുകൾ നന്നാക്കുകയോ ഇടത്തോടുകൾ വൃത്തിയാക്കുകയോ ചെയ്യാറില്ല. ആ കാരണത്താൽ ഈ പ്രദേശങ്ങളിലെ കിണറു വെള്ളത്തിന് പോലും ഉപ്പുരസവും മഴക്കാലമായാൽ വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാകുന്നു. മുൻകാലങ്ങളിൽ ഈ പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനും മഴയായാൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനും ചീപ്പുകൾ പലകയിട്ട് അടയ്ക്കുകയും തുറക്കുകയും ആണ് ചെയ്തിരുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം മണ്ണേൽകടവ്, മുത്തങ്ങാത്തറ, പുളിമാന പടിഞ്ഞാറ്, പറത്തറ, പറപ്പുപടന്നയിൽ,കുരിശുമൂട് വിളക്കുമരം എന്നീ ചീപ്പുകളും ഇടത്തോടുകളുടെ സംരക്ഷണഭിത്തിയും തകർന്നു കിടക്കുകയാണ്.
മുൻകാലങ്ങളിൽ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിക്കാരും സംയുക്തമായാണ് ഇത് നടപ്പിലാക്കിയത്. ഇപ്പോൾ ഗവണ്മെന്റും കൃഷിവകുപ്പും പത്രമാധ്യമങ്ങളിൽ കൂടി മാത്രം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. നെൽകൃഷിയും എള്ള് കൃഷിയും അന്യം നിന്ന് പോയി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ ഗവണ്മെന്റോ ഈ ചീപ്പുകളും ഇടത്തോടുകളും നന്നാക്കാൻ യാതൊരു നടപടികളും സ്വീകരിക്കാത്തതിനാൽ ചവറ പഞ്ചായത്തിലെ കർഷകരും താമസക്കാരും പ്രതിഷേധത്തിലാണ്.