കൊല്ലം: സ്കൂട്ടറിൽ നിന്നും അര ലക്ഷം രൂപ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓയൂർ കരിങ്ങന്നൂർ മോട്ടോർകുന്ന് അനു ഭവനത്തിൽ മനു(57)വിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റൂർകോണം നിഷ മന്ദിരത്തിൽ ബേബി(57)യുടെ അൻപതിനായിരം രൂപയാണ് മോഷ്ടിച്ചത്.
വസ്തു വാങ്ങാനായി അഡ്വാൻസ് തുകയുമായി ഉടമയുടെ അടുത്തേക്ക് പോവുകയായിരുന്നു ബേബി. ഓയൂർ ചുങ്കത്തറ ജംക്ഷനിലെ പ്രതിയുടെ ഡ്രൈവിംഗ് സ്കൂളിന്റെ ഓഫീസിന് മുൻവശത്തായി സ്കൂട്ടർ നിർത്തി ചായകുടിക്കാൻ പോയി. ഈ സമയം സ്കൂട്ടറിന് സമീപം മനു നിൽപ്പുണ്ടായിരുന്നു.പരിചയക്കാരനായതിനാൽ ചായ കുടിയ്ക്കാൻ ബേബി ഇയാളെ വിളിക്കുകയും ചെയ്തിരുന്നു. തിരികെ വന്നപ്പോഴാണ് സ്കൂട്ടറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. അപ്പോഴേക്ക് ഡ്രൈവിംഗ് സ്കൂളും പൂട്ടി മനു കടന്നുകളഞ്ഞിരുന്നു.
തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. 500 രൂപ പമ്പിൽ നിന്നും പെട്രോൾ അടിക്കാൻ എടുത്ത ശേഷം ബാക്കി തുക പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ മനുവിനെ അറസ്റ്റ് ചെയ്തു.