കൊല്ലം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഭരണം നടത്തി വരുന്ന പുനലൂർ നഗരസഭയുടെ ചെയർമാൻ തിരഞ്ഞെടുപ്പ് ജൂൺ 12ന് രാവിലെ 11മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കും. വരണാധികാരിയായ പുനലൂർ ടിംബർ സെയ്ൽസ് ഡി.എഫ്.ഒ.അനിൽ ആന്റണിയുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തുക.
ഇടത് മുന്നണി ധാരണ പ്രകാരം നിലവിൽ ചെയർമാനായിരുന്ന സി.പി.ഐയുടെ പ്രതിനിധി കെ. രാജശേഖരൻ മാർച്ച് നാലിന് രാജിവച്ചിരുന്നു. ഇതിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുതിയ ചെയർമാന്റെ തിരഞ്ഞെടുപ്പ് നീണ്ടുപോയി. ഇനി നഗരസഭാ ഭരണ സമിതിയുടെ കാലാവധി തീരുന്നത് വരെ സി.പി.എം പ്രതിനിധിക്കാണ് ചെയർമാൻ സ്ഥാനം.
നിലവിൽ വൈസ് ചെയർപേഴ്സണായ സുശീല രാധാകൃഷ്ണനാണ് ആക്ടിംഗ് ചെയർമാൻ. നഗരസഭാ കൗൺസിലിൽ ഇടത് മുന്നണിയിലെ സി.പി.എമ്മിന് 13, സി.പി.ഐക്ക് 6, കേരള കോൺഗ്രസ്(ബി) ഒന്ന്, യു.ഡി.എഫിലെ കോൺഗ്രസിന് 14 , കേരളാ കോൺഗ്രസ്(എം) ഒന്ന് എന്നിങ്ങനെയാണ് അംഗബലം. സി.പി.ഐ പ്രതിനിധി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പുള്ള മൂന്ന് വർഷം സി.പി.എം പ്രതിനിധിയായിരുന്നു ചെയർമാൻ. സി.പി.എമ്മിലെ സീനിയർ നേതാവായ അഡ്വ. കെ.എ. ലത്തീഫ്, എം.എ. രാജഗോപാൽ, വി. ഓമനക്കുട്ടൻ എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.