covid-19

തിരുവനന്തപുരം: രക്ത പരിശോധനയിലൂടെ കൊവിഡ് ബാധ തിരിച്ചറിയുന്ന ആന്റിബോഡി ടെസ്റ്റിന്(ദ്രുത പരിശോധന) തിങ്കളാഴ്ച തുടക്കമാകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പരിശോധന. പതിനായിരം പേരിൽ ആദ്യഘട്ടത്തിൽ പരിശോധന നടത്തും. ജലദോഷപ്പനിയുൾപ്പെടെയുള്ളവരെ പരിശോധയ്ക്ക് വിധേയമാക്കും.ഇതിനായി ടെസ്റ്റിംഗ് മാർഗരേഖ പുതുക്കിയിട്ടുണ്ട്.കണ്ടയ്ൻമെന്റ് സോണിലുള്ളവർ, മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവർ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക എന്നാണ് റിപ്പോർട്ട്.

നിലവിൽ 14000 കിറ്റുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ കിറ്റുകളെത്തുന്നതോടെ ആന്റിബോഡി പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.സമൂഹവ്യാപനം ഉണ്ടോയെന്ന് അറിയാനാണ് ആന്റിബോഡി പരിശോധന. വളരെ എളുപ്പത്തിൽ ഫലം ലഭ്യമാകും.വിരൽ തുമ്പിൽ നിന്ന് രക്തമെടുത്തുള്ള പരിശോധനയിൽ ഫലമറിയാൻ 20 മിനിറ്റിൽ താഴെമാത്രംമതി.വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കും. മുമ്പ് രോഗബാധയുണ്ടായോ എന്നും ഈ ആന്റിബോഡി പരിശോധനയിലൂടെ തിരിച്ചറിയാം. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയതോടയാണ് ആന്റി ബോഡി പരിശോധന നടത്താൻ തീരുമാനിച്ചത്.

അതേസമയം പരിശോധനകൾ വർദ്ധിച്ചതോടെ രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. ഇന്നലെ ഒറ്റദിവസം മാത്രം 111പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ആദ്യമായാണ് രോഗികളുടെ എണ്ണം നൂറുകടന്നത്.