c

കോഴിക്കോട്: പയ്യോളിയിൽ നിന്ന് വിദേശത്തേക്ക് പോയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥലത്ത് അതീവ ജാഗ്രത. ബഹ്‌റിനിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പയ്യോളി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ മാസം രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്‌റിനിൽ എത്തിയത്. വിമാനത്താവളത്തിലെ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതിനെ തുടർന്നാണ് പയ്യോളിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ ടിക്കറ്റ് എടുത്ത ട്രാവൽസും ഇയാൾ സന്ദർശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക ഉടൻ തയ്യാറാക്കും.