കൊല്ലം: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച ശേഷം പണം കവർന്ന പ്രതി പിടിയിൽ. കൊട്ടാരക്കര തൃക്കണ്ണംഗൽ സി.പി.കുന്ന് ലക്ഷം വീട് കോളനിയിൽ അനുമോനെ(24) ആണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തൂർ തുരുത്തിക്കരയിലെ വാടക വീട്ടിലാണ് അനുമോൻ താമസിച്ചുവന്നത്. ഇതിന്റെ അടുത്ത വീട്ടിലെ യുവതിയ്ക്ക് നേരെയായിരുന്നു ആക്രമണം.
തന്റെ മൊബൈൽ ഫോൺ കളവ് പോയെന്നും അത് യുവതി എടുത്തതാണെന്നും അനുമോൻ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി മർദ്ദിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപ എടുത്തുകൊണ്ട് പോവുകയുമായിരുന്നു. ശാസ്താംകോട്ട പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അനുമോനെ അറസ്റ്റ് ചെയ്തത്.