kerala

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ(61) ആണ് മരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സന്തോഷ് ട്രോഫി മുൻ താരമായിരുന്നു ഹംസക്കോയ. ഇതാേടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം പതിനഞ്ചായി.

10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.

ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തുകയായിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയ ശേഷം കേരളത്തിൽ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. ഇയാളുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നെഹ്റു ട്രോഫി ഇന്ത്യൻ ടീം അംഗമായിരുന്ന ഹംസക്കോയ സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി അഞ്ച് വർഷം ബൂട്ടണിഞ്ഞിട്ടുണ്ട്. മൊഹൻ ബഗാനുവേണ്ടി കളിച്ചിട്ടുണ്ട്. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരവുമായിരുന്നു. യൂണിയൻ ബാങ്ക്, ടാറ്റ എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്റെ മകനും ഫുട്ബാൾ താരമാണ്. ഇദ്ദേഹത്തിന്റെ ഭാര്യ വോളീബോൾ താരമായിരുന്നു.