തിരുവനന്തപുരം: കഠിനംകുളത്ത് ഭർത്താവ് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ കേസിൽ പിടിയിലാകാനുള്ള ഒരു പ്രതിക്കായി തെരച്ചിൽ പൊലീസ് ശക്തമാക്കി. ഭർത്താവുൾപ്പെടെ മൊത്തം ഏഴ് പ്രതികളുളള കേസിൽ യുവതിയെ വിജനമായ സ്ഥലത്ത് വച്ച് പീഡനത്തിനിരയാക്കിയ നൗഫലെന്ന യുവാവിനെയാണ് ഇനി പിടികൂടാനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് പിടിയിലായ ഭർത്താവിനെയും ചാന്നാങ്കര കഠിനംകുളം സ്വദേശികളായ മൻസൂർ (45), അക്ബർ ഷാ (23), അർഷാദ് (33), രാജൻ (50), മനോജ് എന്നിവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ വൈകിട്ട് യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച് രേഖപ്പെടുത്തിയിരുന്നു. യുവതിയെയും മകനെയും സർക്കാർ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം യുവതി കൂട്ട ബലാൽസംഗത്തിനിരയായെന്ന് സ്ഥിരീകരിച്ച് വൈദ്യ പരിശോധനാ റിപ്പോർട്ടും പുറത്തുവന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ചയാണ് യുവതി കൂട്ടബലാൽസംഗത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. കഠിനംകുളത്തിന് സമീപം വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് കൊണ്ടുവന്നത്. രാജന്റെ വീട്ടിൽ മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ എന്നിവർ മദ്യപിച്ചിരിക്കുകയായിരുന്നു.
യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കൾക്ക് ബലാൽസംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി. മദ്യപാനം നടന്ന വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെയും മകനെയും പുറത്തുള്ള ഓട്ടോറിക്ഷയിൽ വലിച്ചുകയറ്റി. വാഹനത്തിൽ വച്ചുംആളൊഴിഞ്ഞ പറമ്പിലെത്തിച്ചും യുവതിയേയും കുഞ്ഞിനെയും അക്രമികൾ ക്രൂരമായി ഉപദ്രവിച്ചു. തുടയിൽ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. അടിക്കുകയും മറ്റ് തരത്തിൽ ഉപദ്രവിക്കുകയും ചെയ്തു.
തടയാൻ ശ്രമിച്ച കുട്ടിയേയും ഉപദ്രവിച്ചു. മർദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ട യുവതി പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്. രാത്രി പത്തു മണിയോടെ വഴിയിൽ കണ്ട ഒരു കാറിന് കൈകാണിച്ചു. കാറിലുണ്ടായിരുന്ന യുവാക്കളാണ് യുവതിയെ വീട്ടിലെത്തി എത്തിച്ചശേഷം സംഭവം പൊലീസിനെ അറിയിച്ചത്.
മകന്റെ മൊഴി നിർണായകം, സാക്ഷിയാക്കാൻ നീക്കം
കഠിനംകുളം കൂട്ടബലാൽസംഗക്കേസിലും അക്രമത്തിലും യുവതിക്കൊപ്പം അക്രമത്തിനിരയായ അഞ്ചുവസുകാരൻ മകന്റെ മൊഴി നിർണായകമാകും. കുട്ടിയുടെ കൺമുന്നിൽ നടന്ന ക്രൂര കൃത്യങ്ങളിൽ പ്രതികൾക്കെതിരെ പോക്സോ കേസ് ചുമത്തിയ പൊലീസ് കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ കുട്ടിയെ കേസിലെ സാക്ഷിയാക്കാൻ തീരുമാനിച്ചു.
അമ്മയെ ഉപദ്രവിച്ചെന്നും തടയാൻ ശ്രമിച്ചപ്പോൾ തന്നെ അടിച്ചെന്നും കുട്ടി മൊഴി നൽകി. ബൈക്കിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം കുട്ടി വള്ളിപുള്ളി വിടാതെ പൊലീസിനോട് പറഞ്ഞു.തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയിൽകയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് നാലു പേർ അമ്മയെ ഉപദ്രവിച്ചതായും തടയാൻ ശ്രമിച്ച തന്നെ ഒരാൾ നെഞ്ചിൽ പിടിച്ച് തള്ളിയിട്ടതായും മകൻ പറഞ്ഞു.
വേദനിച്ചും ഭയന്നും ഉച്ചത്തിൽ കരഞ്ഞപ്പോൾ മുഖത്ത് അടിച്ചെന്നും കുട്ടി വെളിപ്പെടുത്തി. യുവതിയുടെ മൊഴിയുമായി പൂർണമായും പൊരുത്തപ്പെടുന്ന മൊഴിയാണ് കുട്ടിയുടേത്. മൊഴികളിൽ വൈരുദ്ധ്യമില്ലാത്തതിനാലും കേസിൽ മറ്റ് ദൃക്സാക്ഷികളില്ലാത്തതിനാലും മകനെ മുഖ്യസാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം.
ഭർത്താവിന്റെ അമിതമദ്യപാനവും ലഹരിമരുന്ന് ഉപയോഗവും സംബന്ധിച്ച യുവതിയുടെ മൊഴിയും കേസിൽ നിർണായകമാണ്. സംഭവത്തിന്റെ തലേദിവസം പ്രതികളിലെരാളായ രാജനിൽ നിന്ന് ഭർത്താവ് പണം കൈപ്പറ്റിയത് കണ്ടെന്ന യുവതിയുടെ വെളിപ്പെടുത്തലുൾപ്പെടെ സംഭവം ആസൂത്രിതമാണെന്ന് തെളിയിക്കാൻ കഴിയുന്ന കൂടുതൽ തെളിവുകളും പൊലീസിന് ലഭിച്ചു. യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കും.