rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും, മദ്ധ്യകേരളത്തിലുമായി വിവിധ ജില്ലകളിൽ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഈ ജില്ലകളിൽ 6 മുതൽ 11 സെന്റിമീറ്റർ വരെയുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്. അതേസമയം ഇന്നലെ രാവിലെ മുതൽ തെക്കൻ ജില്ലകളിൽ പല സ്ഥലങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീതിയിലായിട്ടുണ്ട്. മദ്ധ്യകേരളത്തിലും മലബാർ‌ മേഖലയിലും ഇടതടവില്ലാതെ മഴ തുടരുകയാണ്. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതോടെ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

വരും മണിക്കൂറുകളിൽ ഇടിമിന്നലും, ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാദ്ധ്യത.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും, നദിക്കരകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ജൂൺ 8 ഓടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.