ന്യൂഡൽഹി: ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഇന്ന് നടക്കുന്ന ചർച്ചയെ ലോകം ഉറ്റുനോക്കുകയാണ്. ചർച്ച ഫലം കണ്ടില്ലെങ്കിൽ ഇരു രാജ്യങ്ങളിലും ഉണ്ടാകാൻ പോകുന്ന സംഭവ വികാസങ്ങൾ എന്തായിരിക്കുമെന്നാണ് ലോകരാഷ്ട്രങ്ങളുടെ വിലയിരുത്തൽ. നയതന്ത്രജ്ഞരും ചർച്ചയെ ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. മാർച്ച് മുതൽ യു.എസ് നേതൃത്വം നൽകുന്ന ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഇന്ത്യ കൂടുതൽ അടുത്തു തുടങ്ങി. എല്ലാ ആഴ്ചയിലും ഈ രാജ്യങ്ങൾ പരസ്പരം ബന്ധപ്പെടുകയും, കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സഹകരിക്കുകയും ചെയ്യുന്നുണ്ട്. വ്യാഴാഴ്ച മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ചർച്ച നടത്തി പ്രതിരോധ കരാർ ഒപ്പുവയ്ക്കുകയും ചെയ്തു.
മോദി സർക്കാരിന്റെ ചില വിദേശ, വ്യവസായ നയങ്ങളും യു.എസും ജപ്പാനുമായുള്ള അടുപ്പവുമാണു ചൈനയ്ക്കു നീരസമുണ്ടാക്കുന്നതെന്ന് വാഷിംഗ്ടൺ ഹെറിറ്റേജ് ഫൗണ്ടേഷൻ റിസർച്ച് ഫെല്ലോ ജെഫ് സ്മിത്ത് പറഞ്ഞു.
മേയ് ആദ്യവാരം പാൻഗോങ് തടാകത്തിനു സമീപം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിലുണ്ടായ സംഘർഷമാണ് പിന്നീട് മൂർച്ഛിച്ചത്. ചൈന മുൻപൊരിക്കലും അവകാശവാദമുന്നയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ വരെ അവർ കടന്നുകയറുകയാണ്.
ഏറെ ശ്രദ്ധയോടെ വേണം മോദി സർക്കാർ വിഷയം കൈകാര്യം ചെയ്യാനെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ട്രംപിന്റെ ആവശ്യപ്രകാരം ഹൈഡ്രോക്സിക്ലോറോക്വിൻ യു.എസിലേക്കു കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ത്യ ഏറ്റവും കൂടുതൽ അടിസ്ഥാന മരുന്നുഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഇലക്‌ട്രോണിക്സ്, വാഹനങ്ങളുടെ പാർട്സ് എന്നിവയ്ക്കും ചൈനയെയാണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്.
ഇന്ത്യയിൽ ഫിനാൻസ്, ടെക്‌നോളജി സ്റ്റാർട്ടപ്പുകളിൽ 800 കോടി ഡോളറാണ് ചൈനീസ് മുതൽ മുടക്ക്. ബഹുരാഷ്ട്ര കമ്പനികൾക്കൊന്നും അത്രപെട്ടെന്ന് ചൈനയുമായി ബന്ധം വിച്ഛേദിക്കാനാവില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.