pic

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും ഒരു കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഹാർദിക് പാണ്ഡ്യ തന്നെയാണ് ആ സന്തോഷവാർത്ത ആരാധകരോട് പറഞ്ഞത്. ഇപ്പോൾ ഇതാ നടാഷയുമായുള്ള പ്രണയകഥയും വെളിപ്പെടുത്തിയിരിക്കുകയാണ് ഹാർദിക്.

ആദ്യമായി നേരിട്ടു കാണുമ്പോള്‍ താന്‍ ക്രിക്കറ്റ് താരമാണെന്ന കാര്യമൊന്നും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിന് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി നടത്തിയ വിഡിയോ ചാറ്റിലാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. പുലര്‍ച്ചെ ഒരു മണിക്ക് ആദ്യമായി കണ്ടുമുട്ടുന്ന സമയത്ത് താന്‍ തൊപ്പിയും വാച്ചും ചെയിനുമൊക്കെ ധരിച്ചിരുന്നുവെന്നും പാണ്ഡ്യ പറയുന്നു.

'ആദ്യമായി കാണുമ്പോള്‍ ഞാനാരാണെന്ന് നടാഷയ്ക്ക് അറിയുമായിരുന്നില്ല. അങ്ങോട്ടു കയറി സംസാരിച്ച്‌ ഞാനാണ് ആദ്യം പരിചയപ്പെട്ടത്. തൊപ്പിയും ചെയ്‌നും വാച്ചുമൊക്കെ ധരിച്ച അവസ്ഥയിലാണ് പുലര്‍ച്ചെ ഒരു മണിക്ക് നടാഷ എന്നെ കണ്ടത്. അതുകൊണ്ടു തന്നെ ഞാനൊരു വ്യത്യസ്തനായ മനുഷ്യനാണെന്ന് അവള്‍ക്ക് തോന്നിക്കാണും. എന്തായാലും ഞാന്‍ അങ്ങോട്ടു ചെന്ന് പരിചയപ്പെട്ടതോടെയാണ് ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നത്. അതു പിന്നീട് വളര്‍ന്നു. അങ്ങനെയാണ് ഡിസംബര്‍ 31ന് വിവാഹനിശ്ചയത്തില്‍ എത്തുന്നത്' പാണ്ഡ്യ പറഞ്ഞു.

തന്റെ വിവാഹ നിശ്ചയത്തിന്റെ കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും പാണ്ഡ്യ പറയുന്നു. 'എന്റെ വിവാഹനിശ്ചയത്തിന്റെ കാര്യം അച്ഛനും അമ്മയ്ക്കും അറിയുമായിരുന്നില്ല. ക്രുനാലിനോട് പോലും (ഹാര്‍ദിക് പാണ്ഡ്യയുടെ മൂത്ത സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ) വിവാഹനിശ്ചയത്തിന് രണ്ടു ദിവസം മുന്‍പാണ് ഞാന്‍ കാര്യം പറഞ്ഞത്. ഇനിയും നീട്ടിക്കൊണ്ടു പോകുന്നില്ലെന്ന് ഞാന്‍ അവനോടു പറഞ്ഞു. എന്നെ സ്‌നേഹിക്കുന്ന ഒരാളെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അതെന്നെ കൂടുതല്‍ നല്ല മനുഷ്യനാക്കി തീര്‍ക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും വീട്ടുകാര്‍ ഉറച്ച പിന്തുണ നല്‍കിയതോടെയാണ് ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.' പാണ്ഡ്യ പറഞ്ഞു.

ലോക്ഡൗണിനിടെ നടാഷ സ്റ്റാന്‍കോവിച്ചിനെ വിവാഹം ചെയ്ത ഹാര്‍ദിക് പാണ്ഡ്യ, തങ്ങള്‍ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാന്‍കോവിച്ച്‌. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.