pic

കോട്ടയം: താഴത്തങ്ങാടിയിൽ‌ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം അപഹരിച്ച മൊബൈൽഫോണുകളും താക്കോൽകൂട്ടവും കണ്ടെത്താൻ പ്രതി മുഹമ്മദ് ബിലാലുമായി പൊലീസ് ഇന്ന് ആലപ്പുഴയിൽ തെളിവെടുപ്പ് നടത്തും. തലയ്‌‌ക്കടിച്ചുകൊന്ന കേസിൽ പ്രതിയെ ‌പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി. കേസിൽ റിമാൻഡിലായിരുന്ന കുമരകം ചിറ്റയിൽ മുഹമ്മദ്‌ ബിലാലിനെ(23)കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കോട്ടയം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ(60)യാണ്‌ തിങ്കളാഴ്‌ച രാവിലെ സ്വന്തം വീട്ടിനുള്ളിൽ തലയ്‌ക്കടിയേറ്റ്‌ മരിച്ചത്‌. ഭർത്താവ്‌ മുഹമ്മദ്‌ സാലി പരിക്കേറ്റ്‌ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. കോട്ടയത്ത് നിന്ന്‌ പ്രതി കൊണ്ടുപോയ കുടുംബത്തിന്റെ കാർ ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.

ദമ്പതികളുടെ വീട്ടിൽ നിന്നും കാണാതെപോയ മൂന്ന്‌ മൊബൈലുകൾ, താക്കോൽക്കൂട്ടം, കത്തി എന്നിവ സഹിതമാണ് പ്രതി കാറുമായി കുമരകംവഴി ആലപ്പുഴയിലേക്ക്‌ പോയത്‌. പോകുംവഴി തണ്ണീർമുക്കം ബണ്ടിലേക്ക്‌ തൊണ്ടി മുതൽ എറിഞ്ഞതായി പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. ഇവ കണ്ടെത്തുകയാണ് ലക്ഷ്യം. കുമരകം മുതൽ ആലപ്പുഴവരെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതും നിർണായകമാണ്‌. ആലപ്പുഴയിൽ മുഹമ്മദ് ബിലാലെത്തിയ സമയവും മറ്റ് കാര്യങ്ങളും സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ഥിരീകരിക്കുകയും ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കുകയും വേണം. ഇതിനുള്ള നടപടികളും അന്വേഷണ സംഘം കൈക്കൊള്ളും.കൊലപാതകശേഷം ആലപ്പുഴയിലാണ്‌ ഒരുദിവസം മുഹമ്മദ് ബിലാൽ താമസിച്ചത്‌. പിറ്റേദിവസം ഇടപ്പള്ളിയിൽ കുന്നുംപുറത്ത്‌ ഹോട്ടലിൽ ജോലിതേടി. അവിടെ തൊഴിലാളികൾക്ക്‌ താമസിക്കാൻ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിൽ താമസിച്ചു. അവിടെയും ആവശ്യമെങ്കിൽ ആക്രമണം നടന്ന വീട്ടിലും ഇയാളെ ഒരിക്കൽ കൂടി എത്തിച്ച്‌ തെളിവെടുക്കും.

കോട്ടയം ജില്ലാ പൊലീസ്‌ ചീഫ്‌ ജി ജയ്‌ദേവ്‌, അഡീ.എസ്.പി നസിം, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പി ഗിരീഷ് പി സാരഥി, കോട്ടയം ഡിവൈ.എസ്‌.പി ആർ. ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ, കുമരകം എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്.എച്ച്.ഒ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.