ന്യൂഡൽഹി: ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ഇന്ന് അതിർത്തിയിലെ പ്രശ്നപരിഹാരത്തിന് ചർച്ച നടത്തും. ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള ചുഴുൽ-മോൾഡോ അതിർത്തിയിലാണ് ചർച്ച. ഇന്ത്യയുടെ ഭാഗത്ത് നിന്നും 14 കോർപ്സ് കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിംഗും മറ്റ് പത്ത് ഓഫീസർമാരുമാണ് പങ്കെടുക്കുക. ചൗനയുടെ ഭാഗത്ത് കിഴക്കൻ ത്സിൻ ജിയാൻ മിലിറ്ററി വിഭാഗത്തിലെ കോർപ്സ് കമാന്റർ മേജർ ജനറൽ ലിൻ ലിയുവും പത്ത് ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.
നിയന്ത്രണ രേഖയിൽ സിക്കിം, ലഡാക്ക് മേഖലകളിൽ രണ്ട് മാസത്തോളമായി നിലനിൽക്കുന്ന ഇരു സൈന്യങ്ങളും തമ്മിലെ നിരന്തര സംഘർഷമാണ് ചർച്ചക്ക് കാരണമായത്. സേനാ ഉദ്യോഗസ്ഥർ പലതവണ ചർച്ച നടത്തിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന വിദേശകാര്യ പ്രതിനിധികൾ തമ്മിൽ ഹിമാലയൻ മേഖലയിലുള്ള സംഘർഷങ്ങളെ കുറിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് സൈനിക ചർച്ച തീരുമാനമായത്.