pic

കോട്ടയം: പള്ളിക്കത്തോട്ടിലെ ആലയിൽ റിവോൾവർ ഉൾപ്പെടെ നൂറിലധികം തോക്കുകൾ നിർമിച്ച് ക്വട്ടേഷൻ സംഘങ്ങൾക്കും തോട്ടം മുതലാളിമാർക്കും വിതരണം ചെയ്ത പ്രമാദമായ കേസിൽ ഒരാൾ പൊലീസിൽ കീഴടങ്ങി. പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി സാബുവാണ് ഇന്നലെ വൈകുന്നേരം പള്ളിക്കത്തോട് ഡിവൈ.എസ്.പി പി ജെ.സന്തോഷ്‌കുമാറിന്റെ മുമ്പാകെ കീഴടങ്ങിയത്. രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന സാബുവിനെ നിരീക്ഷണത്തിലാക്കി. ഓൺലൈൻ മുഖേന മജിസ്ട്രേറ്റ് ഇന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തും. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.


ആനിക്കാട് അമ്പഴത്തുംകുന്നിലുള്ള ആലയിലാണ് തോക്ക് നിർമിച്ച് കേരളത്തിലുടനീളം വിറ്റുവന്നിരുന്നത്. ജില്ലാ പൊലീസ് ചീഫ് ജി.ജയദേവിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് ഡിവൈ.എസ്.പിയും സി.ഐ ടി.ആർ.ബിജുവും എസ്.ഐ അജി ഏലിയാസും ചേർന്ന് രാത്രിയിൽ ആല വളഞ്ഞ് പള്ളിക്കത്തോട് കൊമ്പിലാക്കൽ ബിനേഷ് കുമാർ (43), ആനിക്കാട് തട്ടാംപറമ്പിൽ രാജൻ (46), മനേഷ് കുമാർ (43) എന്നിവരെ അറസ്റ്റ്ചെയ്യുകയായിരുന്നു. രാജനും ബിനേഷ് കുമാറും സഹോദരങ്ങളാണ്. ഇവരാണ് ആല പ്രവർത്തിച്ചിരുന്നത്. പണിതുകൊണ്ടിരുന്ന തോക്കിന്റെ ബാരൽ, പാത്തി എന്നിവ ആലയിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വെടിയുണ്ടകളും പാത്തി നിർമിക്കാനായി വച്ചിരുന്ന ചന്ദനത്തടി, വെടിമരുന്ന്, ബാരൽ ഉണ്ടാക്കാൻ വച്ചിരുന്ന കുഴൽ എന്നിവയും കണ്ടെടുത്തു. ഇതോടെയാണ് വർഷങ്ങളായി നടന്നുവന്നിരുന്ന തോക്ക് നിർമാണം പുറത്തായത്.

ഏജന്റുമാർ മുഖേനയാണ് ഇവർ തോക്ക് വിതരണം ചെയ്തിരുന്നത്. ഒരു തോക്കിന് 12,000 രൂപയ്ക്കാണ് വിറ്റിരുന്നത്. കൈവെള്ളയിൽ ഒതുങ്ങുന്ന റിവോൾവറിന് 24,000 രൂപയാണ് വില. ഫാക്ടറികളിൽ നിർമിക്കുന്ന തോക്കിനെക്കാൾ ഭംഗിയും കൃത്യം ഉന്നവും ആലയിൽ നിർമിച്ച തോക്കിന് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രധാനമായും തോക്കുകൾ വിറ്റിരുന്നതെന്ന് അറിവായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങളുടെ കൈകളിലും റിവോൾവറുകൾ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

മൂന്നു മാസം മുമ്പാണ് ഇവർ അറസ്റ്റിലായത്. ലോക്ക്ഡൗൺ ആയതോടെ കേസ് അന്വേഷണം മന്ദഗതിയിലായി. എന്നാൽ ഇതിനിടയിൽ പതിനൊന്നു പേരെ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയിരുന്നു. തോക്ക് ഇവരിൽ നിന്ന് വാങ്ങി മറ്റൊരാൾക്ക് നല്കിയ സാബുവാണ് ഇന്നലെ പൊലീസിൽ കീഴടങ്ങിയത്.

അറസ്റ്റിലായ പ്രതികൾ പത്ത് വർഷമായി നാടൻ തോക്ക് നിർമിക്കുന്നവരാണെന്നും നൂറിലേറെ തോക്കുകൾ ഇവർ വിൽപ്പന നടത്തിയിട്ടുണ്ടെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഏതാനും രാഷ്ട്രീയ നേതാക്കളുടെ പക്കലും ഈ ആലയിൽ നിർമിച്ച തോക്ക് ചെന്നെത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. നായാട്ടിനായിട്ടാണ് തോട്ടം മുതലാളിമാർ തോക്ക് കരസ്ഥമാക്കിയിട്ടുള്ളതെന്നും ചില റിസോർട്ട് ഉടമകളും ഏജന്റൂമാർ മുഖേന തോക്ക് കൈക്കലാക്കിയിട്ടുണ്ടെന്നും അറിവായിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇവർക്ക് ഏജന്റുമാരുണ്ട്. വിലയുടെ പകുതി പണം കൈയിലെത്തിയാൽ മാത്രമേ തോക്ക് നിർമാണം ആരംഭിക്കുകയുള്ളു. മൂന്നു ദിവസത്തിനുള്ളിൽ തോക്ക് നിർമിച്ച് കൈമാറുകയും ചെയ്യും. ഇതാണ് ഇവരുടെ രീതി.