വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉപദേശിച്ച ഗുരുദേവൻ നടത്തിയ സരസ്വതി പ്രതിഷ്ഠയാണ് ശിവഗിരി ശാരദാമഠത്തിലേത്. അറിവിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രതീകമായി ഈ ക്ഷേത്രം നിലകൊള്ളുന്നു. 1084 ചിങ്ങത്തിലെ ചതയം നക്ഷത്രത്തിൽ ശാരദാമഠത്തിന്റെ ശിലാസ്ഥാപനം ഗുരുദേവൻ നിർവഹിച്ചു. യോഗത്തിന്റെ ഒമ്പതാം വാർഷികമായ 1912 ൽ (1807 മേടമാസത്തിലെ ചിത്രാ പൗർണമി നാളിൽ) ഗുരു ശാരദാപ്രതിഷ്ഠ നടത്തി. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പുഷ്പാഞ്ജലിയും സമൂഹപ്രാർത്ഥനയും നടത്തുന്നു.
ഗുരുദേവന്റെ ക്ഷേത്ര സങ്കല്പങ്ങളുടെ മൂർത്ത രൂപമായി ഈ ക്ഷേത്രത്തെ ദർശിക്കാം. മറ്റു ക്ഷേതങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടകോണാകൃതിയിൽ എട്ടുവശത്തും ജനാലകൾ പിടിപ്പിച്ച് ക്ഷേത്രത്തിനകം പ്രകാശപൂർണമാക്കാൻ ഗുരുദേവൻ രൂപകല്പന ചെയ്തു. ഡോ. പല്പുവിന്റെ മേൽനോട്ടത്തിലായിരുന്നു ക്ഷേത്ര നിർമാണ പ്രവർത്തനം. ഗുരുദേവൻ ശാരദാദേവിയെ സ്തുതിച്ച് ആശാൻ 'ശാരദാഷ്ടക " വും ഭക്തർക്കുവേണ്ടി 'ജനനി നവരത്‌ന മഞ്ജരി"യും എഴുതി.
കടയ്ക്കാവൂർ ഊട്ടുപറമ്പ് ശിവക്ഷേത്രം
(അർദ്ധനാരീശ്വര ക്ഷേത്രം 1916)
കടയ്ക്കാവൂരിലെ ഊട്ടുപറമ്പ് ശിവക്ഷേത്രം ഒരിക്കൽ ഗുരുദേവൻ സന്ദർശിച്ചു. പക്ഷിമൃഗാദികളെ ബലികഴിച്ചുള്ള ആരാധന നിറുത്തലാക്കാൻ ആവശ്യപ്പെട്ടു. ആ നിർദ്ദേശം ഭക്തർ ശിരസാവഹിച്ചു. ഗുരുദേവനോട് പുനപ്രതിഷ്ഠ നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ ഗുരുദേവൻ ഭദ്രകാളി പ്രതിഷ്ഠ എടുത്തുമാറ്റി പകരം1091 കുംഭമാസത്തിൽ (1916) ശിവലിംഗ പ്രതിഷ്ഠ നടത്തി. കാലക്രമേണ ശിവലിംഗത്തിന്റെ സ്ഥാനത്ത് അർദ്ധനാരീശ്വര പ്രതിഷ്ഠ നടത്തി. തുടർന്ന് ഈ ക്ഷേത്രം അർദ്ധനാരീശ്വര ക്ഷേത്രം എന്ന് അറിയപ്പെട്ടു തുടങ്ങി.