ലഖ്നൗ:- 'നല്ലൊരു ജോലിയും തിരക്കേടില്ലാത്ത വരുമാനവും ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. ലോക്ക് ഡൗൺ മൂലം ഇനി വരേണ്ടതില്ലെന്ന് തൊഴിൽ നോക്കിയ സ്ഥാപനത്തിൽ നിന്നും അറിയിച്ചതോടെ ജോലി പോയി.' റോഷൻ കുമാർ എന്ന ഉത്തർപ്രദേശുകാരനായ ബിരുദാനന്തര ബിരുദധാരിയുടെ സങ്കടമാണിത്. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് റോഡ് പണിക്കും, കുളംകുഴിക്കാനും എല്ലാം പോകാൻ തയ്യാറായി നിൽക്കുകയാണ് ഇന്ന് റോഷൻ കുമാർ. അധികം വിദ്യാഭ്യാസമില്ലാത്തവർ ചെയ്തിരുന്ന ഇത്തരം ജോലികൾ ചെയ്യാൻ ഇന്ന് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ബിരുദധാരികളും അതിലേറെ വിദ്യാഭ്യസമുള്ളവരുമാണ്.
ജോലി നഷ്ടമായി സംസ്ഥാനത്ത് മടങ്ങിയെത്തിയ മുപ്പത് ലക്ഷം കുടിയേറ്ര തൊഴിലാളികൾക്കായാണ് തൊഴിലുറപ്പ് പദ്ധതി രജിസ്ട്രേഷൻ തുടങ്ങിയതെങ്കിലും, അവർ മാത്രമല്ല അഭ്യസ്ത വിദ്യർക്കും തൊഴിലില്ലാത്ത കടുത്ത ബുദ്ധിമുട്ടാണ് ഇവിടെ അനുഭവപ്പെടുന്നത്.
എം.എ, ബി.എഡ് വിദ്യാഭ്യാസ യോഗ്യതയുള്ള സുർജിത് കുമാർ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്ട്രർ ചെയ്ത് കാത്തിരിക്കുകയാണ്. ലോക്ക് ഡൗണിന് മുൻപ് ഒരുദിവസം 20 തൊഴിലാളികൾക്കാണ് സംസ്ഥാനത്ത് ജോലി നൽകേണ്ടിയിരുന്നതെങ്കിൽ ഇപ്പോഴത് നൂറ് ആയി ഉയർന്നിരിക്കുകയാണ്. ഇവരിൽ അഞ്ചിൽ ഒരാൾ ബിരുദധാരിയോ ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടമായവരോ ആകും.
രാജ്യമാകെ 14 കോടി ജനങ്ങൾക്കാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാർഡുള്ളത്. ഇവർക്കെല്ലാം നൂറ് ദിനം തീർച്ചയായും തൊഴിൽ നൽകാൻ സർക്കാരിന് 2.8കോടി രൂപ ചിലവ് വരും. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ 60000 കോടി രൂപയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയത്. പിന്നീട് കഴിഞ്ഞ മാസം കൊവിഡ് പാക്കേജ് പ്രകാരം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ 40000 കോടി രൂപ കൂടി പദ്ധതിക്കായി വകയിരുത്തി.