pic

ലോക്ക്ഡൗൺ കാലത്ത് പലരും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. മനുഷ്യർക്ക് പുറമെ അവർ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളും പക്ഷികളും അവരുടെ ഉടമസ്ഥരെ പിരിഞ്ഞു കഴിയുന്നുണ്ട്. യാത്രാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവയിൽ പലതിനും തങ്ങളുടെ ഉടമസ്ഥരുടെ അടുത്തെത്താന്‍ ആയിട്ടില്ല.


എന്നാൽ ഇത്തരത്തിൽ രണ്ടിടങ്ങളിലായി അകപ്പെട്ട് പോയ വളർത്തുമൃഗങ്ങളെയും അതിന്‍റെ ഉടമസ്ഥരെയും ഒന്നിപ്പിക്കുന്നതിനായി അധികം വൈകാതെ തന്നെ ഒരു സ്വകാര്യ ചാർട്ടേഡ് വിമാനം ഡൽഹിയില്‍ നിന്ന് മുംബയിലേക്ക് പറക്കും. യുവ സംരഭകയും സൈബർ സെക്യൂരിറ്റി ഗവേഷകയുമായ ദീപിക സിംഗാണ് ഇത്തരം ഒരു ആശയത്തിന് പിന്നിൽ. തന്‍റെ ചില ബന്ധുക്കളെ നാട്ടിലെത്തിക്കാൻ സ്വകാര്യ ജെറ്റിനായി ശ്രമിക്കുന്നതിനിടെയാണ് വളര്‍ത്തു മൃഗങ്ങൾക്കായി മാത്രമൊരു ജെറ്റ് എന്ന ആശയം വന്നത്.

ബന്ധുക്കളിൽ ചിലർ അവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയിൽ വളർത്തുമൃഗങ്ങളെയും കൂട്ടിയപ്പോൾ മറ്റൊരു കൂട്ടർ എതിർപ്പറിയിച്ചു. ഇതോടെയാണ് ഇവയ്ക്കായി മാത്രം പ്രത്യേക ജെറ്റ് ചാർട്ട് ചെയ്യാൻ തീരുമാനിച്ചതെന്നാണ് 25കാരിയായ ദീപിക പറയുന്നത്. അസേർഷൻ ഏവിയേഷൻ എന്ന സ്വകാര്യ സ്ഥാപനം വഴി ആറു സീറ്റുള്ള ഒരു ജെറ്റുവിമാനം ഇതിനായി തയ്യാറാക്കുകയും ചെയ്തു. ഒരു വളർത്തുമൃഗത്തിന് 1.60ലക്ഷം രൂപ ചിലവിൽ 9.06 ലക്ഷം രൂപയാണ് ഇതിന് ചിലവ്.