murder-case

കോട്ടയം: താഴത്തങ്ങാടി കൊലക്കേസിൽ പ്രതി തണ്ണീർമുക്കത്ത് വലിച്ചെറിഞ്ഞ മൂന്ന് മൊബൈൽ ഫോണുകളും കത്തികളും കത്രികയും താക്കോൽ കൂട്ടങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണുകളിൽ ഒന്ന് മരിച്ച ഷീബയുടെതാണെന്ന് ഡി.വൈ.എസ്.പി ശ്രീകുമാർ വ്യക്തമാക്കി. ഇതോടെ കേസിന് ഉറച്ച തെളിവുകളായി.

തെളിവെടുപ്പ് പൂർത്തിയാക്കി പ്രതി ഇല്ലിക്കൽ ചിറ്റടിവീട്ടിൽ മുഹമ്മദ് ബിലാലിനെയും (23) കൂട്ടി അന്വേഷണസംഘം ആലപ്പുഴയിലേക്ക് പോവും. രണ്ട് കത്തികകളും മൂന്നുകൂട്ടം താക്കോൽകൂട്ടവും മൂന്നു ഫോണുകളും ഒരു കത്രികയുമാണ് പ്ലാസ്റ്റിക് കൂട്ടിലുണ്ടായിരുന്നത്. ക്വാറന്റെെനിൽ കഴിഞ്ഞിരുന്ന ബിലാലിനെ ഇന്നലെ വൈകുന്നേരമാണ് തെളിവെടുപ്പിനായി പൊലീസ് കസറ്റഡിയിൽ വാങ്ങിയത്. മൂന്നു ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. തിങ്കളാഴ്ച പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് താഴത്തങ്ങാടി ഷാനിമൻസിലിൽ ഷീബയെയും (60) ഭർത്താവ് സാലിക്കിനെയും (65) ബിലാൽ ആക്രമിച്ചത്. വീട്ടമ്മയായ ഷീബ മരിച്ചു. സാലിക്കിന്റെ നില അതീവ ഗുരുതരമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുകയാണ്.

നഷ്ടപ്പെട്ട സ്വർണത്തിൽ ഒരു ഭാഗം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അക്രമത്തിനുശേഷം പോർച്ചിൽ കിടന്ന കാറുമായി രക്ഷപ്പെട്ട ബിലാൽ കാർ ആലപ്പുഴയിൽ ഉപേക്ഷിച്ചു. അന്ന് ലോഡ്ജിൽ തങ്ങിയശേഷം എറണാകുളത്തേക്ക് കടക്കുകയായിരുന്നു. കാർ കഴിഞ്ഞദിവസം പൊലീസ് കണ്ടെടുത്തിരുന്നു.