kaumudy-news-headlines

1. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയില്‍ ആയിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് വന്ന കുഞ്ഞാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചത് ശ്വാസ തടസ്സത്തെ തുടര്‍ന്ന്. രാത്രി 12 മണിയോടെ ആണ് കുഞ്ഞ് മരിച്ചത്. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. 61 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.


2. മെയ് 21ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ച് എത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതന്‍ ആയിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാ അവസ്ഥയില്‍ ആയത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോട് കൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കോവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സക്കായി നല്‍കിയത്.
3. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും, മകനും, മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. . ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയ്ക്കായി അഞ്ച് തവണ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് ആയും കളിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ താരം ലിഹാസ് കോയ മകനാണ്.
4. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും, മദ്ധ്യ കേരളത്തിലും ആയി വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 6 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. വരും മണിക്കൂറുകളില്‍ ഇടിമിന്നലും, ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാദ്ധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും, നദിക്കരകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യത ഉള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്.
5. കഠിനംകുളത്ത് യുവതിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഘം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മനോജിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മദ്യ ലഹരിയില്‍ ആയിരുന്ന സ്ത്രീയെ വീട്ടില്‍ നിന്നും വിളിച്ചറക്കി അക്രമി സംഘത്തിന്റെ അടുത്ത് എത്തിച്ചത് മനോജെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം ആറായി. അതേസമയം, യുവതിയുടെ അഞ്ച് വയസുകാരന്‍ ആയ മകനെ കേസില്‍ മുഖ്യ സാക്ഷിയാക്കും. സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ തന്നെയും അമ്മയെയും മര്‍ദ്ദിച്ചു എന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായക ആകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
6. അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലു പേരെയും ആണ് നേരത്തെ അറസ്റ്റിലായത്. ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു പ്രതികളുടെ അറസ്റ്റ്. കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെ ആണ് പിടികൂടാനുളളത്. ഇയാള്‍ക്കുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. യുവതിയെയും കുട്ടിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
7. സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതല്‍ തുടങ്ങും. എച്ച്.എല്‍.എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ ഇതിനായി ഉപയോഗിക്കും. സെന്റിനന്റല്‍ സര്‍വലൈന്‍സിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. ഉറവിടം അജ്ഞാതമായ രോഗ ബാധിതര്‍ കൂടുതല്‍ ആയതോടെ ആണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താന്‍ ഉള്ള ആന്റിബോഡി പരിശോധന. ഒരു ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 100 കവിയുന്നതും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവര്‍ കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതര്‍ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ കൊവിഡ് ദ്രുത പരിശോധന തുടങ്ങുന്നത്.