തിരുവനന്തപുരം:തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെജി വർഗീസിന്റെ സ്രവപരിശോധന നടത്താൻ വൈകിയെന്ന് റിപ്പോർട്ട്. ഇദ്ദേഹം മേയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാൽ സ്രവം പരിശോധിച്ചത് ജൂൺ രണ്ടിന് മാത്രമാണ്.പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ഭരണകൂടം ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ബൈക്കിൽ യാത്രചെയ്യുന്നതിനിടെ താഴെ വീണതിനെത്തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയുണ്ടായിരുന്നിട്ടും സ്രവം പരിശോധിച്ചില്ല. മെഡിക്കൽ കോളേജിൽ നിന്ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.പിന്നീട് ന്യുമോണിയ ബാധ കടുത്തതോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇതിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന് രോഗം പകർന്നത് ആശുപത്രിയിൽ നിന്നാകാമെന്ന് ബന്ധുക്കളിൽ ചിലർ സൂചിപ്പിച്ചിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. അതിനിടെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പത്ത് ദിവസത്തോളം ചികിത്സയിലായിരുന്ന വൈദികന്റെ തൊട്ടടുത്ത ബെഡിൽ ചികിത്സയിൽ കഴിഞ്ഞയാളുടെ മരണത്തിൽ ആശങ്ക ഉയർന്നിരുന്നു.കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ സ്രവപരിശോധന നടന്നിരുന്നില്ല.