മോസ്‌കോ: കൊവിഡ് 19 കാലത്ത് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ എണ്ണ വിപണിയെ തിരിച്ചു പിടിക്കാൻ റഷ്യയും ഒപെക് രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുന്നു. വൻകരയിലെ എണ്ണ ലഭ്യതയും വിലയും മാറ്റമില്ലാതെ പിടിച്ച് നിർത്താനാണ് ശ്രമം. ഇതോടെ ലോകത്ത് നിലവിലുള്ള ക്രൂഡ് ഓയിൽ വിൽപ്പനയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.
ലോക്ക് ഡൗണും മറ്റ് ഊർജ്ജ സ്രോതസുകളുടെ ഉപയോഗവും കാരണം എണ്ണ ഉത്പാദനം കുറച്ച് അതിജീവിക്കാനാണ് ധാരണ. ഒരു കോടി ബാരലുകളുടെ വിതരണമാണ് അടുത്തിടെ കുറച്ചത്. അമിതമായ ഉത്പാദനം അറബ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ആഗസ്റ്റ് വരെ ഉത്പ്പാദനം കുറച്ച് വിതരണത്തിൽ നിയന്ത്രണം വരുത്തും. ലോക്ക് ഡൗൺ ഇളവ് വന്നതോടെ ബാരൽ വിലയിൽ ആറ് ശതമാനം വർധനയുണ്ടായിട്ടുണ്ട്. പുതിയ നിരക്ക് 42ലേക്ക് എത്തിയതും ഉത്പാദക രാജ്യങ്ങൾക്ക് സഹായകമായി. വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി തീരുമാനം എടുക്കുന്നതോടെ ശാശ്വത പരിഹാരം കാണാമെന്ന് റഷ്യൻ വാണിജ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.