jasmine

മുല്ലപ്പൂ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാണ്. മുല്ലപ്പൂവില്ലാത്ത വിശേഷാവസരങ്ങൾ മലയാളികൾക്കില്ല എന്ന് തന്നെ പറയാം. തമിഴ്നാട്ടിൽ നിന്നുമാണ് നമ്മുടെ നാട്ടിലേക്ക് മുല്ലപ്പൂവ് ധാരാളമായി എത്തുന്നത്. കേരളത്തിൽ ആദായകരമായ ചെയ്യാവുന്ന ഒരു കൃഷിയാണ് മുല്ലകൃഷി. ധാരാളം വെയിൽ ലഭിക്കുന്നതും നീർവാഴ്ച്ചയുള്ളതുമായ മണ്ണാണ് ഇതിനനുയോജ്യം. മണലിന്റെ അംശം കൂടുതലുള്ള തീരപ്രദേശങ്ങൾ മുല്ല ക‌ൃഷിക്ക് അത്യുത്തമമാണ്.

കുറ്റിമുല്ലയുടെ കമ്പുമുറിച്ചു മണലിൽ നടാം. പതിവെച്ചും തൈകൾ ഉല്‍പാദിപ്പിക്കാം. ചട്ടികളിലും തടങ്ങളിലും കുറ്റിമുല്ല വളർത്താം. ചട്ടിയിലോ ചാക്കുകളിലോ മണൽ മണ്ണ് കമ്പോസ്റ്റ് മിശ്രിതം നിറച്ച് കമ്പുകൾ നടാം, മണ്ണിൽ നടുമ്പോൾ നന്നായി കിളച്ചു ചെറിയ കുഴികളെടുത്ത് വേണം കമ്പുകൾ നടാൻ. ചെടി നന്നായി വളർന്നു കഴിഞ്ഞാൽ കമ്പു കോതാം. ഇത് വളർച്ചയും ഉയരവും ക്രമീകരിച്ച് കൂടുതല്‍ പൂക്കൾ ഉണ്ടാകാൻ സഹായിക്കും. എല്ലാ വർഷവും ചെടികളുടെ കമ്പുകൾ മുറിച്ച് മാറ്റണം. ഡിസംബർ-ജനുവരി മാസങ്ങളാണു ഇതിന് യോജിച്ച സമയം. ചെടിയുടെ അടിയില്‍ നിന്നു 45 സെ.മീറ്റര്‍ ഉയരം നല്‍കി വേണം ശാഖകൾ വെട്ടി നീക്കാൻ. മുറിച്ച് മാറ്റിയ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു കുമിൾനാശിനി ഉപയോഗിക്കാം.

ഒരു ഹെക്റ്ററിൽ നിന്നും 5 ടൺ പൂക്കൾ വരെ ലഭിക്കുന്നതാണ്. കുറ്റിമുല്ലയുടെ പൂക്കള്‍ ഇറുക്കുന്നത് വൈകുന്നേരമാണ്. 10 മുതല്‍ 15 വർഷംക്കാലം മുല്ലച്ചെടികൾ സംരക്ഷിച്ചു വളർത്താൻ കഴിയും. പോളി ഹൗസുകൾ നിർമിച്ചു കുറ്റിമുല്ല കൃഷി ചെയ്താൽ കേടുബാധകൾ നിന്നും ചെടികളെ സംരക്ഷിക്കാം,​ മാത്രമല്ല പൂക്കൾ കൂടുതൽ സമയം വാടാതെയിരിക്കാനും ഇത് സഹായിക്കും. പെർഫ്യൂം നിർമാണ മേഖലയിൽ വളരെയേറെ ഡിമാന്റുള്ള ഒരു പൂവാണ് മുല്ല,​ അതിനാൽ തന്നെ അന്താരാഷ്ട്ര മാർക്കറ്റിൽ മുല്ലപ്പൂവിന്റെ വിപണനസാദ്ധ്യത പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ?​