cyndia

ന്യൂഡൽഹി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രിമാർക്കും കേന്ദ്ര മന്ത്രിമാർക്കുമെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് പ്രമുഖ പാകിസ്ഥാൻ പര്യവേക്ഷകയും, അമേരിക്കൻ ബ്ളോഗറുമായ സിന്ധിയ.ഡി.റിച്ചി. മുൻപ് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗിലാനി അന്ന് പ്രസിഡൻഷ്യൽ പാലസിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും, പാകിസ്ഥാന്റെ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന റഹ്മാൻ മാലിക് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നുമായിരുന്നു സിന്ധിയയുടെ പ്രധാന ആരോപണം. അന്ന് ആരോഗ്യ മന്ത്രിയായിരുന്ന മഖ്ദൂം ഷഹാബുദ്ദീൻ തന്നെ ശാരീരികമായി വല്ലാതെ ഉപദ്രവിച്ചെന്നും സിന്ധിയ പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെ യൂസഫ് റാസ ഗിലാനി ശക്തമായി നിഷേധിച്ചു.മുൻ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്കെതിരെയും സിന്ധിയ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെയും ഗിലാനി അപലപിച്ചു. സിന്ധിയ നിരന്തരം പ്രതിപക്ഷ പാർ‌ട്ടികളെ മനപൂർവ്വം ലക്ഷ്യം വച്ച് ആരോപണം ഉന്നയിക്കുകയാണെന്ന് ഗിലാനി ആരോപിച്ചു.

സിന്ധിയയുടെ വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് ട്വിറ്ററിൽ സിന്ധ്യപ്രൈഡ് ഓഫ് പാകിസ്ഥാൻ എന്ന പേരിൽ ഹാഷ്ടാഗോടെ ട്രെൻഡിങ് ആയിരുന്നു. ഇത് സിന്ധിയയ്ക്ക് സംഭവത്തിൽ പാകിസ്ഥാനിൽ ലഭിച്ച സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്.