കേരളത്തിലെ ഒരു പ്രമുഖ ഭവന നിർമ്മാണക്കമ്പനി അടുത്തിടെ ചെയ്‌ത ഒരു പത്രപരസ്യത്തിലെ പ്രധാന വാചകമായിരുന്നു ''ജി.എസ്.ടി ഇല്ല"" എന്നത്. അതേ പത്രത്തിൽ മറ്റൊരു വാർത്തയും ഉണ്ടായിരുന്നു: ഡൽഹിയിലെ എമ്മാർ എം.ജി.എഫ് എന്ന ബിൽഡർ, സി.ജി.എസ്.ടി നിയമത്തിലെ ആന്റി-പ്രോഫിറ്റീയറിംഗ് വ്യവസ്ഥ ലംഘിച്ചെന്നും ഭവനപദ്ധതി വാങ്ങിയവർക്ക് സ്ഥാപനം 13.5 കോടി രൂപ മടക്കിനൽകണമെന്ന് നാഷണൽ ആന്റി-പ്രോഫിറ്റീയറിംഗ് അതോറിറ്റി (എൻ.എ.എ) ഉത്തരവിട്ടു എന്നുമായിരുന്നു അത്.

വിറ്റഴിക്കപ്പെടാത്ത ഫ്ളാറ്റുകളുടെ (എമറാൾഡ് ഫ്ലോർ പ്രീമിയർ പദ്ധതിയിലെ) വില കുറയ്ക്കാനും ഇൻപുട്ട് ടാക്‌സ് ക്രെഡിറ്ര് പ്രകാരം ലഭിച്ച ആനുകൂല്യം ആനുപാതികമായി ഉപഭോക്താക്കൾക്ക് കൈമാറണമെന്നും അതോറിറ്രി നിർദേശിച്ചു.

ഈ പരസ്യവും വാർത്തയും തമ്മിലെ പൊരുത്തക്കേട് ചിലരുടെ മനസിലെങ്കിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചേക്കാം. ഒരു ബിൽഡർ പറയുന്നു, ജി.എസ്.ടി ബാധകമല്ലെന്ന്. മറ്റൊരാൾ, ജി.എസ്.ടി ചട്ടം ലഘിച്ചതിന് നടപടി നേരിടുന്നു!

എങ്ങനെയാണ് ഒരു ബിൽഡർക്ക് ജി.എസ്.ടി ബാധകമല്ലെന്ന് പറയാനാവുക? ഉപഭോക്താവിനെ തെറ്രിദ്ധരിപ്പികുകയാണോ ആ കമ്പനി? മറ്റൊരു ചോദ്യം : ഒരു ഉത്‌പന്നത്തിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെടാൻ ജി.എസ്.ടി അതോറിറ്റിക്ക് എന്താണ് അവകാശം? ഉത്പന്നവില നിർണയിക്കാൻ അവകാശം അതിന്റെ നിർമ്മാതാവിനല്ലേ?

റിയൽ എസ്‌റ്റേറ്റിലെ നികുതി

കാർഷികമേഖല കഴിഞ്ഞാൽ, ഇന്ത്യയിൽ ഏറ്റവുമധികം പേർ തൊഴിലെടുക്കുന്ന മേഖലയാണ് റിയൽ എസ്‌റ്റേറ്റ്. നിലവിൽ ഇന്ത്യയിൽ സ്ഥാവരസ്വത്തിന്റെ (സ്ഥലം, കെട്ടിടം) വില്പന ജി.എസ്.ടി നിയമത്തിന് വെളിയിലാണ്. നിർമ്മാണം നടക്കുന്ന കെട്ടിടങ്ങൾക്ക്, താഴെ പറയുന്ന രണ്ടുകാര്യങ്ങൾ ദൃശ്യമല്ലെങ്കിൽ മാത്രമാണ് ജി.എസ്.ടി ബാധകം:

(i) പദ്ധതിയുടെ നിർമ്മാണം പൂർത്തിയായെന്ന കോമ്പീറ്റന്റ് അതോറിറ്റിയുടെ സർട്ടിഫിക്കറ്ര് ലഭിച്ചു

(ii) പദ്ധതിയുടെ ആദ്യ കൈവശ ഉപയോഗം (ഒക്കുപ്പൻസ്) നടന്നു

ഭൂസ്വത്ത്, സംസ്ഥാന വിഷയം ആയതിനാൽ, ജി.എസ്.ടി ബാധകമല്ല. ഇക്കാര്യം, സി.ജി.എസ്.ടി ആക്‌ട് - 2017ലെ മൂന്നാം ഷെഡ്യൂൾ പറയുന്നുണ്ട്. നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾക്ക് ജി.എസ്.ടി ബാധകമാണെന്ന് ഷെഡ്യൂൾ രണ്ടിലെ ക്ളോസ് (ബി) പാരഗ്രാഫും വ്യക്തമാക്കുന്നു. അതായത്, നിർമ്മണത്തിലിരിക്കുമ്പോഴാണ് ജി.എസ്.ടി ബാധകം.

സ്ഥാവരവസ്‌തുക്കൾക്ക് സ്‌റ്രാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയാണ് ബാധകം. അതായത്, നാം ആദ്യം ചൂണ്ടിക്കാട്ടിയ പരസ്യത്തിൽ, ബിൽഡർ പറയുന്നത് : അദ്ദേഹം വിൽക്കുന്നത് നിർമ്മാണം പൂർത്തിയായ പദ്ധതി ആണെന്നാണ്. ആ പദ്ധതിക്ക് നിർമ്മാണം പൂർത്തിയായെന്ന സർട്ടിഫിക്കറ്രുണ്ട്. നിർമ്മാണം പൂർത്തിയായതോടെ, അത് സ്ഥാവരവസ്‌തു (ഇമ്മൂവബിൾ പ്രോപ്പർട്ടി) ആയി. ജി.എസ്.ടി ബാധകമല്ല.

നികുതി ബാദ്ധ്യത ഇല്ലേ?

ജി.എസ്.ടി ഇല്ല എന്നതിന് അർത്ഥം ഉപഭോക്താവിന് നികുതിബാദ്ധ്യത തീരെയില്ല എന്നാണോ?

അല്ല.

നിർമ്മാണവേളയിൽ, ബിൽഡർ അസംസ്കൃതവസ്‌തുക്കൾ വാങ്ങാൻ ഒടുക്കിയ നികുതി ഉൾപ്പെടുന്ന തുക കൂട്ടിച്ചേർത്താണ് അദ്ദേഹം പദ്ധതിക്ക് അന്തിമവില ഇടുന്നത്. ഈ സാഹചര്യത്തിൽ ബിൽഡർക്ക് പിന്നീട്, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന് അർഹതയില്ല. മൊത്തം ചെലവിന്റെ 45 ശതമാനത്തോളം വരുന്ന സ്‌റ്രീൽ, സിമന്റ്, ഡോറുകൾ, സ്വിച്ചുകൾ, ബാത്ത്‌റൂം ഫിറ്രിംഗുകൾ, ഫാനുകൾ എന്നിവയ്ക്കാണ് അദ്ദേഹം ഇൻപുട്ട് ടാക്‌സ് നൽകുന്നത്.

വിൽക്കുന്ന പദ്ധതിയുടെ അന്തിമവിലയിൽ ഇൻപുട്ട് ടാക്‌സ് ചേർത്തിട്ടില്ലെങ്കിൽ ബിൽഡർക്ക് അത് ക്ളെയിം ചെയ്യാം. ക്ളെയിം ചെയ്‌താൽ, പദ്ധതിയുടെ അന്തിമവിലയിൽ അതുൾപ്പെടുത്താനും പാടില്ല. ഇവിടെ, എമ്മാർ എം.ജി.എഫിനെതിരെ എന്തിനാണ് എൻ.എ.എ. നടപടി എടുത്തത്? അതറിയാൻ നമുക്ക് ചില കാര്യങ്ങൾ പരിശോധിക്കാം:

 വില നിർണയം: ഒരു ഉദാഹരണം

അസംസ്കൃതവസ്തു, തൊഴിൽ ചെലവ് : ₹75

45% അസംസ്കൃതവസ്‌തു, തൊഴിൽച്ചെലവ് എന്നിവയിവെ നികുതി

12.5% എക്‌സൈസ് നികുതി, 12.5% വാറ്റ് : ₹8.43

ലാഭം : ₹25

നികുതിക്ക് മുമ്പുള്ള വില്പനവില : ₹108.43

സേവന നികുതി (4.5%) : ₹4.87

വാറ്റ് (2%) : ₹2.17

അന്തിമവില : ₹115.47

 ജി.എസ്.ടി

അഫോർഡബിൾ ഹൗസിംഗ് : 8%

മറ്റുള്ളവയ്ക്ക് : 12%

അസംസ്കൃതവസ്‌തുക്കൾക്ക് ഇൻപുട്ട് ടാക്‌സ് : 18%

ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് : 8-10%

 വില നിർണയം : ഒരു ഉദാഹരണം

അസംസ്കൃതവസ്തു, തൊഴിൽ ചെലവ് : ₹75

45% അസംസ്കൃതവസ്‌തു, തൊഴിൽച്ചെലവ് എന്നിവയിവെ നികുതി 18% ജി.എസ്.ടി പ്രകാരം : ₹6.07

ലാഭം : ₹25

നികുതിക്ക് മുമ്പത്തെ വില്പനവില : ₹106.07

ജി.എസ്.ടി (12%) : ₹12.73

ലെസ് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് : ₹6.07

അന്തിമവില : ₹112.73

ജി.എസ്.ടിയുടെ സദുദ്ദേശം

ഇവിടെ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടങ്ങൾക്ക് 12 ശതമാനം ജി.എസ്.ടി നിഷ്‌കർഷമാക്കിയപ്പോൾ, നിർമ്മാതാവിന് അയാൾ ഇൻപുട്ടിനായി ചെലവാക്കിയ നികുതിത്തുക മേൽപ്പറഞ്ഞ 12 ശതമാനം നികുതി അടയ്ക്കുന്നതിന് കിഴിവായിട്ട് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. അങ്ങനെ കിഴിക്കുമ്പോൾ, കിഴിക്കുന്ന തുക നിർമ്മാണച്ചെലവിൽ വരുന്നില്ലാത്തതിനാൽ, ഈ കിഴിവ് തുക ഉപഭോക്താവിന് വിലക്കുറവാക്കി കൊടുക്കണംതാനും. എന്നാൽ, മിക്ക നിർമ്മാതാക്കളും ജി.എസ്.ടിക്ക് മുമ്പുള്ള 6.5 ശതമാനം ടാക്‌സും ഇപ്പോഴത്തെ 12 ശതമാനവും മുഖവിലയ്ക്കെടുത്ത് ഒന്നുകിൽ വില കൂട്ടുകയോ ഇൻപുട്ട് ടാക്‌സ് ഇനത്തിൽ കിഴിവായി കിട്ടിയതുക ഉപഭോക്താവിന് കൊടുക്കാതിരിക്കുകയോ ചെയ്‌തുവന്നിട്ടുള്ളതാണ്.

ജി.എസ്.ടിയുടെ സദുദ്ദേശത്തെ തന്നെ തകർക്കുന്നതാണ് ഈ നടപടി. എമ്മാറിന്റെ കേസിൽ ഉപഭോക്താവ് ജി.എസ്.ടി നടപ്പാകുന്നതിന് മുമ്പാണ് (2010 ജനുവരി 24) ഫ്ളാറ്ര് ബുക്ക് ചെയ്‌തതും 10 ഇൻസ്‌റ്രാൾമെന്റുകൾ അടച്ചതും. പരാതി എൻ.എ.എ. രേഖപ്പെടുത്തുന്നത് 2019 ജനുവരി ഏഴിന്. അതായത്, ജി.എസ്.ടി നിലവിൽ വന്നശേഷം.

ജി.എസ്.ടി നിയമത്തിന് കീഴിൽ രൂപീകൃതമായതാണ് എൻ.എ.എ. 22-ാമത് ജി.എസ്.ടി കൗൺസിലിൽ ആയിരുന്നു രൂപീകരണം. ഉത്‌പന്നങ്ങളുടെ 'അമിതവില" തടയുകയാണ് ലക്ഷ്യം. എമറാൾഡ് ഫ്ളോർ പ്രിമൈസസ് എന്ന പദ്ധതിയുടെ വിലയിൽ ഇൻപുട്ട് ക്രെഡിറ്ര് ടാക്‌സ് കുറച്ചില്ലെന്ന് ചൂട്ടിക്കാട്ടിയാണ് എമ്മാറിനെതിരെ എൻ.എ.എ. നടപടി എടുത്തത്. കൺസ്യൂമർ ഉത്പന്ന നിർമ്മാതാക്കളായ ജോൺസൺ ആൻഡ് ജോൺസണും സമാനനടപടി നേരിട്ടു.

ഉത്‌പന്നതിന്റെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞിട്ടും കമ്പനി വിലതാഴ്‌ത്താതിരുന്നതാണ് കാരണം. ഇത്തരത്തിൽ കമ്പനി നേടിയ 230 കോടി രൂപ, കൺസ്യൂമർ വെൽഫെയർ ഫണ്ടിലേക്ക് അടയ്ക്കാനായിരുന്നു നിർദേശം.

35-ാമത് ജി.എസ്.ടി കൗൺസിൽ, എൻ.എ.എയുടെ കാലാവധി 2021നവംബറിലേക്ക് നീട്ടി. കമ്പനികൾ അനധികൃതമായി നേടിയ ലാഭം 30 ദിവസത്തിനകം അർഹർക്ക് തിരികെനൽകിയില്ലെങ്കിൽ 10 ശതമാനം പിഴ ഈടാക്കാനും കൗൺസിൽ തീരുമാനിച്ചു. അതേസമയം, വ്യക്തമായ മാനദണ്ഡങ്ങളില്ലാതെയാണ് എൻ.എ.എയുടെ പ്രവർത്തനമെന്ന വിമർശനമുണ്ട്. എൻ.എ.എയുടെ ഉത്തരവുകളെ ചോദ്യം ചെയ്യാനാവുന്നില്ലെന്ന വിമർശനവും ഉയരുന്നു.

34-ാം ജി.എസ്.ടി കൗൺസിൽ റിയൽ എസ്‌റ്രേറ്ര് മേഖലയുടെ നികുതിഭാരം കുറയ്ക്കാൻ ചില നടപടികൾ എടുത്തിരുന്നു.

(i) നിർമ്മാതാവിന് ഒറ്റത്തവണ ഓപ്‌ഷൻ ആയി: ഒന്നുകിൽ പഴയ 8-12% നികുതി (ഇൻപുട്ട് ടാക്‌സ് ക്രെഡിറ്ര്) ക്ലെയിം ചെയ്‌ത് പദ്ധതിയുടെ നിർമ്മാണവുമായി മുന്നോട്ടുപോകാം. ഇതിന് നിർമ്മാണവും ബുക്കിംഗും 2019 ഏപ്രിൽ ഒന്നിനകം ആരംഭിച്ചതാകണം. (ii) പുതിയ നിരക്കുകളാണ്.

അതിൽ, ചെലവുകുറഞ്ഞ (അഫോർഡബിൾ) ഭവന പദ്ധതികൾക്ക് ഒരു ശതമാനം നികുതി (ഇൻപുട്ട് ടാക്‌സ് ക്രെഡിറ്ര് ഇല്ലാതെ). മെട്രോയിൽ 90 ചതുരശ്ര മീറ്റർ വരെയും നോൺ-മെട്രോയിൽ 60 ചതുരശ്രമീറ്രർ വരെയുമാണ് അഫോർഡബിൾ ഭവന പദ്ധതി. വില 45 ലക്ഷം രൂപയിൽ കൂടാനും പാടില്ല.

മറ്റെല്ലാ ഭവനപദ്ധതികൾക്കും നികുതി 5 ശതമാനം. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റില്ല. 80 ശതമാനം നിർമ്മാണവസ്‌തുക്കളും ജി.എസ്.ടി രജിസ്ട്രേഷനുള്ള വില്പനക്കാരനിൽ നിന്ന് വാങ്ങിയാൽ മാത്രമേ പുതിയ നിരക്കിന് അർഹരാകൂ. അല്ലാത്തപക്ഷം, പ്രമോട്ടർ 18 ശതമാനം നികുതി ഒടുക്കണം.

 വില നിർണയം : ഉദാഹരണം

അസംസ്കൃതവസ്തു, തൊഴിൽ ചെലവ് : ₹75

45% അസംസ്കൃതവസ്‌തു, തൊഴിൽച്ചെലവ് എന്നിവയിവെ നികുതി 18% ജി.എസ്.ടി പ്രകാരം : ₹6.075

ലാഭം : ₹25

നികുതിക്ക് മുമ്പത്തെ വില്പനവില : ₹106.075

ജി.എസ്.ടി (5%) : ₹12.73

ലെസ് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് : ₹5.3

അന്തിമവില : ₹111.375

ഇന്ത്യയിൽ ഏറ്റവുമധികം പണവിനിമയം നടക്കുന്ന മേഖലയാണ് റിയൽ എസ്‌റ്രേറ്ര് എന്ന ബോദ്ധ്യം സർക്കാരിനുണ്ട്. ജി.എസ്.ടിയുടെ അന്തഃസത്തയിലേക്ക് ഈ മേഖലയെയും കൊണ്ടുവരികയും ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.

(ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ലേഖകൻ. ഫോൺ : +91 98477 27667)