covid-19

തിരുവനന്തപുരം: തലസ്ഥാനത്ത് ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട വൈദികന്റെ രോഗ ഉറവിടം അജ്ഞാതമായി തുടരുന്നതിനിടെ, വൈദികന് കൊവിഡ് പരിശോധന നടത്തുന്നതിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപം. വൈദികന്റെ മരണശേഷം ജില്ലാ ഭരണകൂടം പുറത്ത് വിട്ട വൈദികന്റെ റൂട്ട്മാപ്പിലാണ് കൊവിഡ് പരിശോധന നടത്തുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വീഴ്ച വെളിപ്പെട്ടത്.

ഇക്കഴിഞ്ഞ ഏപ്രിൽ 20ന് നാലാഞ്ചിറ ബനഡിക്ട് നഗറിൽ നിന്ന് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതിനിടെ തലയടിച്ച് താഴെ വീണ വൈദികനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വൈദികനെ ഒരു മാസത്തിന് ശേഷം തുടർ ചികിത്സയ്ക്കായി മേയ് 20ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.

പേരൂർക്കട ആശുപത്രിയിൽ നിന്ന് കടുത്ത പനിയെ തുടർന്ന് മേയ് 23ന് വൈദികനെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനകളൊന്നും നടത്തിയില്ല. 60 വയസിന് മുകളിൽ പ്രായവും പനിയുമുണ്ടായിരുന്നെങ്കിലും വൈദികന്റെ സ്രവം പരിശോധിക്കുകയോ ക്വാറന്റൈനിലാക്കുകയോ ചെയ്യാതെ വീണ്ടും പേരൂർക്കട ഗവ. ആശുപത്രിയിലേക്ക് മടക്കുകയാണ് ചെയ്തത്.

മേയ് 26ന് പനി മൂർച്ഛിക്കുകയും കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും ചെയ്ത വൈദികനെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അപ്പോഴും കൊവിഡ് പരിശോധനയ്ക്ക് കൂട്ടാക്കാതെ വൈദികനെ പേരൂർക്കടയിലേക്ക് തന്നെ മടക്കി. പിന്നീട് ന്യൂമോണിയ ബാധിക്കുകയും, രോഗം കലശലായ വൈദികൻ ജൂൺ ഒന്നിന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മരണത്തിന്റെ തലേദിവസം നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം അടുത്തദിവസം ലഭിച്ചപ്പോഴേക്കും വൈദികന്റെ മരണം സംഭവിച്ചിരുന്നു.ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിക്കാൻ മെഡിക്കൽ കോളേജുകാർ തയ്യാറായതെന്ന് റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാണ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.