ന്യൂഡൽഹി: കൊവിഡ് രോഗം സ്ഥിരീകരിച്ച ശേഷവും അവരെ പ്രവേശിപ്പിക്കാതെ മുഖംതിരിക്കുന്ന ആശുപത്രികൾക്ക് മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 'രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പിന്തുണ ഉപയോഗിച്ച് രോഗികൾക്ക് പ്രവേശനം നിഷേധിക്കുന്ന അത്തരം ആശുപത്രികളെ വെറുതെവിടില്ല'-കേജിരിവാൾ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ രോഗ ബാധിതരായവർക്ക് വേണ്ട സഹായവും പരിഗണനയും ലഭിക്കുന്നില്ല എന്ന പരാതി ഏറിയതോടെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
'രോഗം ബാധിച്ചവർക്കും ഗുരുതരാവസ്ഥയിൽ ആയവർക്കും ചികിത്സയിൽ കഴിയാൻ മതിയായ മെത്തകൾ ഉണ്ടെന്നിരിക്കെ ആരാണ് അവ നിഷേധിച്ചതെന്ന് അന്വേഷിച്ച് അവർക്കെതിരെ നടപടിയുണ്ടാകും.' കേജിരിവാൾ സൂചിപ്പിച്ചു. ടെസ്റ്റിനും ലക്ഷണങ്ങൾ കാണിച്ചതിനും ശേഷവും ഒരാശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് അഡ്മിഷനായി പരക്കംപായേണ്ടി വന്നു എന്നതുൾപ്പടെ നിരവധിപേർ പ്രതിഷേധിച്ചതോടെയാണ് നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്.
കൊവിഡ് രോഗികൾക്കുള്ള മെത്തകൾ കരിഞ്ചന്തയിൽ മറ്റുള്ളവർക്ക് നൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവ നിരീക്ഷിക്കാൻ മൊബൈൽ ആപ്പ് സർക്കാർ ആരംഭിച്ചെന്നും അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. 1330 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 708 പേർ മരിച്ചു. 26000ത്തോളം പേർക്ക് രോഗം ബാധിച്ചു.