ന്യൂഡൽഹി: കൊവിഡ് രോഗത്തിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 130 കോടിയോളം ജനങ്ങൾ പല സാമൂഹിക ചുറ്റുപാടിൽ കഴിയുന്നതിനാൽ ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്ന് അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാൻ അറിയിച്ചു.
രോഗ വ്യാപനം നിയന്ത്രിക്കാൻ മാർച്ചിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്ത് ഘട്ടംഘട്ടമായി പിൻവലിക്കുകയാണ്. ഇതാണ് അടിയന്തരമായി മുന്നറിയിപ്പ് നൽകാൻ ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. ഈ തീരുമാനത്തിലൂടെ മൂന്നാഴ്ച കൊണ്ട് ഇന്ത്യയിൽ വൻ തോതിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടിയതെന്നും മൈക്കൽ റയാൻ പറയുന്നു.
പകർച്ചവ്യാധിയുടെ തോത് വൻതോതിലാണ് വർദ്ധിക്കുന്നത്. നഗര കേന്ദ്രീകൃതമായ പ്രദേശങ്ങളിൽ അതിവേഗം വ്യാപനം ഉണ്ടായേക്കും. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ജനസാന്ദ്രത ഏറിയ രാജ്യങ്ങളിലും കൊവിഡ് സ്ഥിതി ആശങ്കാജനകമാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് ഇന്ത്യയിൽ പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ ഏറെ സഹായിച്ചിരുന്നു. ഇന്ത്യയുടെ അഞ്ചിലൊന്നിൽ താഴെ മാത്രം ജനസംഖ്യയും സമ്പത്തിലും വൻ അന്തരവുമുള്ള അമേരിക്കയിൽ ലക്ഷങ്ങൾ രോഗം ബാധിച്ച് മരിച്ചപ്പോഴും ഇവിടെ മരണ സംഖ്യ നാലക്കത്തിൽ ഒതുങ്ങിയിരുന്നു. ഭരണകൂടത്തിന്റെ ജാഗ്രതയാണ് ഇതിന് സഹായിച്ചത്.