rejisha-vijayan

ലോക്ക് ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവർ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. ഗ്ലൗസും മുഖാവരണവുമെല്ലാം നിർബന്ധം. കൂടാതെ നടുക്കത്തെ സീറ്റ് ഒഴിച്ചിട്ടുകൊണ്ടാണ് യാത്രക്കാരെ ഇരുത്തുക. എന്നാൽ, വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങാനുള്ള തിരക്കുകൂട്ടലാണ്. സാമൂഹിക അകലമെല്ലാം അങ്ങ് മറക്കും. ഇത്തരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി രജിഷ വിജയൻ.

വിമാനത്തിന് അകത്തുനിന്നുള്ള ചിത്രത്തിനൊപ്പമാണ് രജിഷയുടെ പോസ്റ്റ്. പുറത്തേക്ക് ഇറങ്ങുന്നതിനായി സീറ്റിൽ നിന്ന് എഴുന്നേറ്റ് തിരക്കു കൂട്ടുന്നവരെയാണ് ചിത്രത്തിൽ കാണുന്നത്. ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ കരുതലിനും ശ്രദ്ധയ്ക്കും എന്താണ് പ്രയോജനം എന്നാണ് താരം ചോദിക്കുന്നത്.

വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയർപോർട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലർത്തിയിട്ട് എന്ത് പ്രയോജനം? നാം ഇങ്ങനെ പെരുമാറുകയാണെങ്കിൽ? വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ എന്തിനാണ് ഇവർ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മൾ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവർക്കു വേണ്ടിയുമാണത്.- താരം കുറിച്ചു.

ഈ പോസ്റ്റിന് യോജിക്കുന്നവരായിരുന്നു അധികവും. പുറത്ത് ബിരിയാണി വല്ലതും കൊടുക്കുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ക്വാറന്റൈനിലിരിക്കാനാണ് ഇത്ര തിരക്കു കൂട്ടുന്നത് എന്നായിരുന്നു ചിലരുടെ കമന്റ്.