ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി പ്രശ്നത്തെപ്പറ്റി അടിസ്ഥാനരഹിതമായ വാർത്തകൾ നൽകരുതെന്ന് ഇന്ത്യൻ സൈനിക വക്താവ് മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പുകയുന്നത് സംബന്ധിച്ച് പല റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. അതെന്നും ശരിയല്ല.
നേരത്തേ ഇന്ത്യൻ പട്രോളിങ്ങ് സംഘത്തെ ചൈന തടഞ്ഞുവെച്ചുവെന്നും ആയുധങ്ങൾ പിടിച്ചുവച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും തെളിവില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അത് രാജ്യതാത്പര്യങ്ങളെ ഹനിക്കുകയേ ഉള്ളൂവെന്നും സൈനിക വക്താവ് വ്യക്തമാക്കി.
അതേസമയം അതിർത്തിയിൽ തർക്ക പരിഹാരത്തിനുള്ള സാധ്യത തേടുകയാണ് ഇരു രാജ്യങ്ങളും. ചുസുൾമോൾദോ അതിർത്തി പോയിന്റിലെ ചൈനീസ് ഭാഗത്താണ് സൈനികതല ഉദ്യോഗസ്ഥരുടെ ചർച്ച നടക്കുന്നത്. ലഡാക്ക് അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള ല്ര്രഫനന്റ് ജനറൽ ഹരീന്ദർ സിങ്ങും മറ്റ് 10 ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്ന് കമാൻഡർ മേജർ ജനറൽ ലിൻ ലിയുവും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ മറ്റ് 10 ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.