ജനീവ: കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
'ലോകത്താകെ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുക തന്നെയാണ്. ജാഗ്രത ഒഴിവാക്കാൻ സമയമായിട്ടില്ല."
- ഡബ്ല്യു.എച്ച്.ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
"രോഗബാധ കുറയുന്നതിന് മുമ്പ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ലോകരാജ്യങ്ങളെ അപകടത്തിലേക്ക് നയിക്കും. നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതി ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. ഇത് വലിയ ദുരന്തത്തിലേക്ക് ലോകത്തെ എത്തിക്കും' - മാർഗരറ്റ് കൂട്ടിച്ചേർത്തു.
മാസ്‌ക് നിർബന്ധം
കൊവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്‍ക് നിർബന്ധമായും ധരിക്കണമെന്നും മാസ്‍ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്നും സംഘടന നിർദേശിച്ചു. അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോൾ മെഡിക്കൽ മാസ്‌ക് ഉപയോഗിക്കണമെന്നും മറ്റുള്ളവർ നിർബന്ധമായും ത്രീ ലെയർ മാസ്‌ക് ഉപയോഗിക്കണമെന്നുമാണ് സംഘടന നിർദ്ദേശിച്ചത്.
മുമ്പ്, രോഗമുള്ളവർ മാത്രം മാസ്‍ക് ധരിച്ചാൽ മതിയെന്നായിരുന്നു സംഘടനയുടെ നിലപാട്.
മാസ്‍ക് ധരിക്കുന്നത് മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ വൈറസ് വ്യാപിക്കുന്നത് തടയാൻ സഹായിക്കുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിനോടൊപ്പം, എല്ലാവരും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും സംഘടനാ മേധാവി ടെഡ്രോസ് അഥാനോം പറഞ്ഞു.
മാസ്‍ക് ധരിക്കുന്നത് കൊവിഡ് പകരാനുള്ള സാദ്ധ്യത കുറയ്ക്കുമെന്ന് അമേരിക്ക, കാനഡ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളിലെ 12 സർവകലാശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നുമുള്ള വിദഗ്ദ്ധരും ഗവേഷകരും മാസ്‍കിന്റ് പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. ലോകാരോഗ്യ സംഘടന നേരിട്ട് സാമ്പത്തികസഹായം നൽകിയാണ് പഠനം നടത്തിയത്
ലാറ്റിനമേരിക്കയിൽ ഗുരുതരം
ലോകത്ത് കൊവിഡ് 68.70 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. യൂറോപ്പിനും അമേരിക്കയ്ക്കും ശേഷം വൈറസിന്റെ കേന്ദ്രമായി മാറിയ ലാറ്റിനമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ലാറ്റിനമേരിക്കയിൽ ബ്രസീലിലും മെക്സിക്കോയിലുമാണ് രോഗം അതിവേഗം പടരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1437 പേരാണ് ബ്രസീലിൽ മരിച്ചത്. ആകെ മരണം 35,047. രോഗികൾ ആറ് ലക്ഷം. മെക്സിക്കോയിൽ പ്രതിദിന മരണം 600ന് മേലെയാണ്. ആകെ മരണം13,170. രോഗികൾ ഒരു ലക്ഷം.
അതേസമയം, കൊവിഡ് ഏറ്റവുമധികം രൂക്ഷമായി ബാധിച്ച സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒരു മാസമായി രാജ്യത്ത് മരണവും പുതിയ കേസുകളും കുറഞ്ഞുവരികയായിരുന്നു. ഇതോടെ, രാജ്യം നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വേഗത്തിലാക്കി. വിനോദസഞ്ചാരികൾക്കായി രാജ്യാതിർത്തികൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയിൽ ഒരു ലക്ഷത്തിലധികം മരണം. രോഗികൾ 19 ലക്ഷം കടന്നു. റഷ്യയിൽ പ്രതിദിനം 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് തുടരുന്നു. പ്രതിദിന മരണം 190 കവിഞ്ഞു. ആകെ മരണം 5,725. രോഗികൾ നാല് ലക്ഷത്തിലധികം.
കാലിഫോർണിയയിൽ 12 മുതൽ ടെലിവിഷൻ - സിനിമ നിർമ്മാണ ജോലികൾ പുനഃരാരംഭിക്കാം.
പോളണ്ടിൽ 16 വരെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം.
ചൈനയിൽ മൂന്ന് പുതിയ കേസുകൾ.