ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം ലോകമാകെയുള്ള പ്രകൃതിയുടെ നാശത്തെ തുടർന്ന് നാം അനുഭവിക്കുന്ന ഒന്നാണ്. അന്റാർട്ടിക്കയിൽ മഞ്ഞുമലകൾ ഉരുകി തീരുന്നതും നിരന്തരം ചുഴലികൾ ഉണ്ടാകുന്നതും മഴപെയ്യാത്ത മരുഭൂമിയിൽ റെക്കോർഡ് മഴ പെയ്യുന്നതുമെല്ലാം അതിന്റെ അനന്തര ഫലങ്ങൾ തന്നെ. പ്രകൃതിക്ക് ദുരിതമേകുന്ന ഹരിത വാതകപ്രവാഹത്തെ നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിത ഫലങ്ങൾ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഒരു പഠനറിപ്പോർട്ട്.
കടുത്ത ഉഷ്ണ തരംഗവും മഴക്കാലത്ത് മഹാ പ്രളയങ്ങളും ഉണ്ടാകും. വരുന്ന എൺപത് വർഷങ്ങളിലാകും ഇവ കാണേണ്ടി വരിക. സൗദിയിലെ കിങ് അബ്ദുൾ അസീസ് സർവ്വകലാശാലയിലെ പ്രൊഫസർ. മൻസൂർ അൽമസ്റൂയിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട്.
'ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ഭാഗങ്ങളിലൊന്നാണ് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കുറഞ്ഞ പ്രതിരോധവും അതിന്റെ ദോഷമുണ്ടാവാൻ കൂടുതൽ സാധ്യതയും ഇവിടെയാണ്. ഇന്ത്യയുടെ വലിയൊരു ശതമാനം ജനസംഖ്യയും സമ്പദ്ഘടനയും ആവാസ വ്യവസ്ഥയും കാലാവസ്ഥാ വ്യതിയാന ഫലങ്ങൾ അതീവ ഗുരുതരമായി ബാധിക്കാവുന്ന തരത്തിലാണ്.' പ്രൊഫസർ.മൻസൂർ പറയുന്നു.
'എർത്ത് സിസ്റ്രംസ് ആന്റ് എൻവയോൺമെന്റ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോർട്ട് വന്നിരിക്കുന്നത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കുന്ന അതീവഗുരുതര മേഖലകളിലാണ് വരിക. കാരക്കോണം, ഹിമാലയം മല നിരകൾ കടന്നുവരുന്ന ഇവിടങ്ങളിൽ 6 ഡിഗ്രി സെൽഷ്യസ് വരെ ഹരിതവാതക പ്രവാഹത്താൽ വ്യതിയാനം വരാം.
ചൂടേറുമ്പോൾ ഹിമ മലകൾ ഉരുകുന്നതും തുടർന്ന് വെള്ളപ്പൊക്കവും മൂലം ഇവയ്ക്ക് താഴെയുള്ള കൃഷിനാശവും ആവാസ വ്യവസ്ഥയും മനുഷ്യ ജീവനും ആപത്തുണ്ടാകും. ഗംഗാനദി തടങ്ങളിൽ ജലസേചനം ചെയ്യുന്ന സ്ഥലങ്ങളിൽ 1മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് വ്യത്യാസം കാലാവസ്ഥയിൽ ഉണ്ടാകും. ഇത് അവിടങ്ങളിൽ ഉപജീവനത്തിനും കാർഷിക വൃത്തിക്കും ദോഷം ചെയ്യും. ശീതകാലത്ത് 4.7 ഡിഗ്രി വരെ തണുപ്പ് വർദ്ധിക്കാനും ഉഷ്ണകാലത്ത് 3.6 ഡിഗ്രി വരെ ചൂട് കൂടാനും ഇടയുണ്ട്.
വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ ഇവിടങ്ങളിൽ മഴ വർദ്ധിക്കുകയും മറ്റ് കാലങ്ങളിൽ അതാത് കാലാവസ്ഥ പ്രതിഭാസങ്ങൾ വർദ്ധിച്ച തോതിൽ അനുഭവപ്പെടുകയും ചെയ്യും. പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ശരാശരിയായി ലഭിക്കുന്ന വേനൽമഴ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വർദ്ധിക്കും. ശക്തമായ വേനൽമഴയും മഞ്ഞുമലകൾ ഉരുകുന്നതും വേനലിലും കനത്ത പ്രളയം സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.